മാങ്കുളം: ശനിയാഴ്ച രാവിലെ പെയ്ത കനത്തമഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 2392.8 അടിയായി. പരമാവധി ജലനിരപ്പ് 2403 അടിയാണ്. 86.5 ശതമാനം വെള്ളമുണ്ട്. നീലജാഗ്രത തുടരുന്നതിനാൽ ഡാമിൽ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനം തുടങ്ങി. വൈദ്യുതിയുത്പാദനം കൂട്ടി.

ശനിയാഴ്ച നാലിന് 2392.88 അടിയാണ് ജലനിരപ്പ്. ഉച്ചയ്ക്ക് 12.2 മില്ലിമീറ്റർ മഴയാണ് ഇടുക്കി ഭാഗത്ത് കിട്ടിയതെങ്കിൽ വൈകുന്നേരം 2.8 മില്ലിമീറ്റർ ആയി. നിലവിലെ റൂൾ കർവ് പ്രകാരം 2398.86 അടിവരെ വെള്ളം സംഭരിക്കാൻ കഴിയും. 19 വരെ ഈനില തുടരും. അതിനുശേഷം 29 വരെ 2399.8 അടിയാണ് റൂൾ കർവ് വരുക. നവംബർ 30-നാണ് പരമാവധി ജലനിരപ്പായ 2403 അടിയിൽ സംഭരിക്കാൻ അനുമതിയുള്ളത്.

2396.8 അടിയിൽ ഓറഞ്ച് ജാഗ്രതയും 2397.8 അടിയിൽ ചുവന്ന ജാഗ്രതയും പുറപ്പെടുവിക്കും. ചുവന്നജാഗ്രതയായാൽ പിന്നെ ഡാം തുറക്കണം. ഇനിയുള്ള ഓരോ അടിയും നിറയാൻ കൂടുതൽ വെള്ളം വേണ്ടതിനാൽ ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.

വൈദ്യുതിയുത്പാദനം വെള്ളിയാഴ്ച രാത്രി എട്ടുദശലക്ഷം യൂണിറ്റായിരുന്നത് ശനിയാഴ്ച 13 ദശലക്ഷമാക്കി. വരും ദിവസങ്ങളിൽ പരമാവധി ശേഷിയിൽ വൈദ്യുതി ഉത്‌പാദിപ്പിക്കാനാണ് നിർദേശം. കൂടുതൽ വൈദ്യുതിയുത്പാദനം നടന്നാൽ മലങ്കര ഡാമിലേക്ക് കൂടുതൽ അളവിൽ വെള്ളം എത്തും. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുമോ എന്ന ആശങ്കയും ഉണ്ട്.