ചെറുതോണി: ഇടുക്കി അണക്കെട്ടിൽ രണ്ടു ദിവസംകൊണ്ട് ഉയർന്നത് ഒമ്പതടി വെള്ളം. ഇപ്പോൾ 2362.68 അടിയാണ് ജലനിരപ്പ്. ഷട്ടർനിരപ്പിലേക്ക് എത്താൻ 10.32 അടി കൂടി മതി. മഴ ഇങ്ങനെ തുടർന്നാൽ മൂന്നു ദിവസംകൊണ്ട് വെള്ളം ഷട്ടർനിരപ്പിലെത്തും. ഓഗസ്റ്റിൽ ജലനിരപ്പ് 2383-ൽ എത്തിയാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കാനാണ് സർക്കാർ വൈദ്യുതിവകുപ്പിന് നിർദേശം നൽകിയിരുന്നത്. എന്നാൽ മഴ ശക്തമായി തുടരുന്നതിനാലും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നുനിൽക്കുന്നതിനാലും ഷട്ടർനിരപ്പിന് മുകളിലേക്ക് ഉയർന്നാൽ വെള്ളം തുറന്നുവിട്ടേക്കും.

അടുത്തദിവസങ്ങളിൽ മഴയുടെ ശക്തിയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കൂടിയാൽ ഷട്ടർ തുറക്കേണ്ടിവരും. ഒരു ഷട്ടർ മാത്രം ഉയർത്തി വെള്ളം നിയന്ത്രിക്കാനാണ് ആലോചിക്കുന്നത്. അണക്കെട്ട് തുറന്നാലും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് അണക്കെട്ട് സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

വൃഷ്ടിപ്രദേശത്ത് കനത്ത മഴ

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നു. 48 മണിക്കൂറിനുള്ളിൽ 121.056 ദശലക്ഷം ഘനമീറ്റർ വെള്ളം അണക്കെട്ടിലേക്ക്‌ എത്തി. നിലവിൽ 1362.759 ദശലക്ഷം ഘനമീറ്റർ വെള്ളം സംഭരിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് 1240.139 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ കഴിയും.