ചെറുതോണി/കുമളി: ഇടുക്കിയിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ അണക്കെട്ടുകളിൽ സുരക്ഷ ശക്തമാക്കി. സംഭരണ ശേഷി 95 ശതമാനം കഴിഞ്ഞതിനാൽ അഞ്ച് പ്രധാന ഡാമുകൾ തുറന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഒറ്റ ദിവസംകൊണ്ട് മൂന്നടി ഉയർന്നു. ബുധനാഴ്ച 127 അടിയായിരുന്ന ജലനിരപ്പ് 130-ലെത്തി.

കല്ലാർകുട്ടി അണക്കെട്ടിന്റെ സംഭരണശേഷി 97 ശതമാനത്തിലെത്തിയതിനാൽ ഒരു ഷട്ടർ ഒന്നരയടി ഉയർത്തി സെക്കൻഡിൽ 1500 ലിറ്റർ വെള്ളം ഒഴുക്കി വിടുന്നുണ്ട്. മാട്ടുപ്പട്ടി അണക്കെട്ടിന്റെ രണ്ടു ഷട്ടർ ഒരടിവീതം ഉയർത്തി. സെക്കൻഡിൽ 2500 ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്. പൊൻമുടി അണക്കെട്ടിന്റെ രണ്ടു ഷട്ടറും കുണ്ടള അണക്കെട്ടിന്റെ രണ്ടു ഗേറ്റും തുറന്നിട്ടുണ്ട്. ആനയിറങ്കൽ ഡാമിന് ഷട്ടർ സംവിധാനമില്ലാത്തതിനാൽ നിറഞ്ഞൊഴുകുന്നു. എന്നാൽ, പാംബ്ല അണക്കെട്ടിൽ സംഭരണ ശേഷിയുടെ 72 ശതമാനം വെള്ളമേയുള്ളൂ. ഇടുക്കി അണക്കെട്ടിൽ വ്യാഴാഴ്ച ജലനിരപ്പ് 2387.76 അടിയാണ്. നിലവിൽ 82.54 ശതമാനം വെള്ളം സംഭരിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച ഉച്ചമുതൽ കനത്ത മഴ പെയ്യുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം വരെ അണക്കെട്ടിൽ 35 മില്ലിമീറ്ററും തേക്കടിയിൽ 38 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. അണക്കെട്ടിലേക്ക്‌ സെക്കൻഡിൽ 5500 ഘനയടി വെള്ളം എത്തുമ്പോൾ തമിഴ്നാട് 1450 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.

തുലാവർഷത്തിൽ ഒറ്റദിവസത്തെ മഴയിൽ ആറടിയിലേറെ ജലനിരപ്പുയർന്ന ചരിത്രം മുല്ലപ്പെരിയാർ അണക്കെട്ടിനുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഉപസമിതി അടുത്തുതന്നെ അണക്കെട്ട് സന്ദർശിക്കാൻ സാധ്യതയുണ്ട്. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഒഴികെ എല്ലാ അണക്കെട്ടുകളിലും കൺട്രോൾ റൂം തുറന്നു. ഇടുക്കി അണക്കെട്ടിൽ വെള്ളിയാഴ്ച രാവിലെ 10-ന് കൺട്രോൾ റൂം തുറക്കും.