ചെറുതോണി: ചരിത്രത്തിലെ ഏറ്റവും വലിയ അളവിൽ വെള്ളമൊഴുക്കുന്നതും മഴ കുറഞ്ഞതുംമൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. ശനിയാഴ്ച രാത്രി ഏഴുമണിക്ക് 2400.32 അടിയാണ് ജലനിരപ്പ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് 2401.76 അടിവരെ ജലനിരപ്പ് ഉയർന്നിരുന്നു. ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറും തുറന്ന് സെക്കൻഡിൽ 7,500,00 ലിറ്റർ വെള്ളം ഒഴുക്കിയതിനെത്തുടർന്നാണ് ജലനിരപ്പ് താഴാൻ തുടങ്ങിയത്. ശനിയാഴ്ച രാവിലെവരെയുള്ള 44 മണിക്കൂറിൽ 76.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഒഴുക്കിക്കളഞ്ഞത്. അടുത്തകാലത്തുവെച്ച് ഏറ്റവും വലിയ അളവിലുള്ള നീരൊഴുക്കും ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് വെള്ളിയാഴ്ച ഉണ്ടായി. 96.909 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വെള്ളമാണ് വെള്ളിയാഴ്ചമാത്രം അണക്കെട്ടിലൊഴുകിയെത്തിയത്.

മൂന്നു ഷട്ടറുകൾ 1.8 മീറ്റർ ഉയരത്തിലും രണ്ടു ഷട്ടർ ഒരു മീറ്റർ വീതം ഉയർത്തിയുമാണ് വെള്ളം നിലവിൽ പുറത്തേക്കൊഴുക്കുന്നത്. ശനിയാഴ്ച മൂലമറ്റം പവർഹൗസിൽ 15.008 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിലെ ജലസ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. രണ്ടു ദിവസംകൂടി നിലവിലെ സ്ഥിതി തുടരാനും നീരൊഴുക്ക് 2400 അടിയിൽ താഴെയായാൽ വെള്ളം പുറത്തേക്കൊഴുക്കുന്നത് നിയന്ത്രിക്കാനും തീരുമാനമുണ്ട്. എന്നാൽ, 2398 അടിയെങ്കിലും എത്തിയശേഷമേ ഷട്ടർ അടയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്നും കെ.എസ്‌.ഇ.ബി. ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കനത്ത മഴ ഇനിയുണ്ടായില്ലെങ്കിൽ നാലോ അഞ്ചോ ദിവസത്തിനകം കാര്യങ്ങൾ പൂർവസ്ഥിതിയിലെത്തുമെന്നാണ് സൂചന.