തൊടുപുഴ: ഓഗസ്റ്റ് 14 വരെ സംസ്ഥാനത്ത് ശക്തിയായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. അതിനാൽ ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് തുടരാനാണ് കെ.എസ്.ഇ.ബി. തീരുമാനം. 2400 അടി ആകുംവരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് തുടർന്നേക്കും. 10 മണിക്കൂർകൊണ്ട് ഒരടി വെള്ളം ഉയരുന്ന രീതിയിലാണ് നിലവിൽ നീരൊഴുക്ക്. വൈദ്യുതി ഉത്പാദനം വർധിപ്പിച്ചിട്ടും വെള്ളം തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തത് കെ.എസ്.ഇ.ബി.യെ അങ്കലാപ്പിലാക്കിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച വൈകീട്ടോടെ നീരൊഴുക്ക് അല്പം കുറഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ട്രയൽ റണ്ണിന്റെ ഭാഗമായി ആദ്യ ഷട്ടർ തുറന്നത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് രണ്ടുഷട്ടർകൂടി 40 സെന്റിമീറ്റർ വീതം തുറന്നു. എന്നിട്ടും നീരൊഴുക്ക് കുറയാത്തതിനെത്തുടർന്നാണ് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയിൽ ബാക്കിയുള്ള രണ്ട് ഷട്ടറുകളും കൂടി ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കിയത്. സെക്കൻഡിൽ 300 ഘനമീറ്റർ വെള്ളം വീതം പുറത്തേക്കൊഴുക്കി ഘട്ടംഘട്ടമായാണ് 750 ഘനമീറ്ററാക്കിയത്. വൈകുന്നേരം ആറുമണിയോടെ മൂന്ന് ഷട്ടറുകൾ 1.8 മീറ്റർ ഉയരത്തിലും രണ്ട് ഷട്ടർ ഒരുമീറ്റർവീതം ഉയർത്തിയുമാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. വെള്ളിയാഴ്ച മൂലമറ്റം പവർഹൗസിൽ 14.91 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് സെക്കൻഡിൽ 868 ഘനമീറ്റർ വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുകിയെത്തുന്നത്. അതായത് സെക്കൻഡിൽ 118 ഘനമീറ്റർ വെള്ളം കൂടുതലാണ് ഇടുക്കിയിലേക്കെത്തുന്നത്.

അഞ്ച് ഷട്ടർ തുറക്കുന്നത് രണ്ടാംതവണ

1992-ലും അഞ്ച് ഷട്ടർ രണ്ടോ മൂന്നോ തവണ തുറന്നിരുന്നു. രാത്രികാലങ്ങളിലാണ് മുഴുവൻ ഷട്ടറും തുറന്നത്. രാത്രി 10.30 മുതൽ രാവിലെ അഞ്ചുവരെയാണ് തുറന്നിടുക. ചെറുതോണി പാലത്തിൽ വെള്ളംകയറി ഗതാഗതം മുടങ്ങാതിരിക്കാനാണ് പകൽസമയങ്ങളിൽ അഞ്ചു ഷട്ടറും തുറക്കാതിരുന്നത്. 1981-ൽ വെർട്ടിക്കൽ ഗെയ്റ്റാണ്( സ്ലൂയിസ് ഗേറ്റ്) തുറന്നത്.

-കെ.ആർ. ഗോപാലകൃഷ്ണൻ, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കെ.എസ്.ഇ.ബി.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135 അടി

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണെങ്കിലും നീരൊഴുക്ക് ശക്തമാണ്. സെക്കൻഡിൽ 4167.87 ഘനയടി വെള്ളം അണക്കെട്ടിലേക്കൊഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട്ടിലേക്ക്‌ സെക്കൻഡിൽ 2000 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ജലനിരപ്പ് 135 അടി പിന്നിട്ടു. ഇതേരീതിയിൽ മഴ തുടർന്നാൻ ജലനിരപ്പ് വേഗത്തിൽ അനുവദനീയ 142 അടിയിൽ എത്തും. 142 അടി പിന്നിട്ടാൽ തമിഴ്‌നാട് സ്പിൽവേ ഷട്ടറുകൾ ഉയർത്തി പെരിയാറ്റിലേക്ക് വെള്ളം ഒഴുക്കും. മുല്ലപ്പെരിയാർ വെള്ളവുംകൂടി ഇടുക്കിയിലെത്തിയാൽ കാര്യങ്ങൾ കൂടുതൽ രൂക്ഷമാകും.

എറണാകുളത്ത് 9417 പേരെ ഒഴിപ്പിച്ചു

* ജില്ലയിലെ ദുരിതബാധിതമേഖലകളിൽ വിവിധ സേനാവിഭാഗങ്ങളെത്തി. ദേശീയ ദുരന്തനിവാരണസേന, കരസേനാവിഭാഗമായ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ്, തീരദേശസേനയുടെ ഡിസാസ്റ്റർ റെസ്പോൺസ് ടീം, നാവികസേന എന്നിവ എത്തി

* ആലുവ മണപ്പുറം, ചേലാമറ്റം, കീഴ്മാട്, കടമക്കുടി വില്ലേജിലെ പിഴല എന്നിവിടങ്ങളിലാകും സേന നിലയുറപ്പിക്കുക. ലൈഫ് ജാക്കറ്റുകൾ, ബോട്ടുകൾ തുടങ്ങിയവ അടിയന്തരമായി ലഭ്യമാക്കും.

* പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും സുരക്ഷയ്ക്ക് കോസ്റ്റ് ഗാർഡിനെ നിയമിച്ചു

* പെരിയാറിൽ വെള്ളംനിറഞ്ഞതിനാൽ ചേലാമറ്റം ക്ഷേത്രക്കടവിലെ പിതൃതർപ്പണം ക്ഷേത്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലേക്ക് മാറ്റി.

* വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിവരെയുള്ള വിവരമനുസരിച്ച് ജില്ലയിൽ 64 ദുരിതാശ്വാസ ക്യാമ്പുകളിലായി 9417 പേരുണ്ട്.

* ആലുവ പമ്പ്‌ഹൗസിൽനിന്നുള്ള കുടിവെള്ളവിതരണം കുറച്ചു. പെരിയാറിൽ ചെളിയുടെ അളവുകൂടിയതാണ് കാരണം. പ്രതിദിനം 290 ദശലക്ഷം ലിറ്റർ വെള്ളമാണ് വിതരണംചെയ്തിരുന്നത്. ഇത് 238 ദശലക്ഷം ലിറ്ററായി കുറച്ചു. കൊച്ചിനഗരത്തിലേക്കും സമീപപ്രദേശങ്ങളിലേക്കും വെള്ളമെത്തുന്നത് ആലുവയിൽനിന്നാണ്.

* കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തെ വെള്ളിയാഴ്ച വൈകീട്ടുവരെ മഴ ബാധിച്ചിട്ടില്ല.

* ഇടുക്കി, ഇടമലയാർ അണക്കെട്ട് തുറന്നതോടെ പെരിയാർ ഒഴുകിയെത്തുന്ന ഭൂതത്താൻകെട്ട് ബാരേജിൽ ജലനിരപ്പ് വെള്ളിയാഴ്ച വൈകീട്ട് 5.15-ന് 30.15 മീറ്ററാണ്. ഭൂതത്താൻകെട്ടിന്റെ പരമാവധി സംഭരണശേഷി 35 മീറ്ററാണ്. ഇടമലയാർ അണക്കെട്ടിൽനിന്ന്‌ ഇപ്പോൾ സെക്കൻഡിൽ 400 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.