തിരുവനന്തപുരം: സംസ്ഥാനത്ത് 42.7 ശതമാനം പേർക്ക് കോവിഡ് പ്രതിരോധശേഷി കൈവരിക്കാനായിട്ടുണ്ടെന്ന് ഐ.സി.എം.ആർ. സീറോ പ്രിവലൻസ് പഠനത്തിന്റെ റിപ്പോർട്ട്. രാജ്യത്ത് ഇത് 67.6 ശതമാനമാണ്. അതായത് രാജ്യത്ത് മൂന്നിൽരണ്ട് പേർക്ക് രോഗം വന്നുപോയതിനാലോ വാക്സിൻവഴിയോ രോഗപ്രതിരോധം കൈവരിക്കാനായിട്ടുണ്ട്.

ജൂൺ അവസാനവും ജൂലായ് ആദ്യവുമായി നടത്തിയ നാലാമത് സീറോ പ്രിവലൻസ് പഠനത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചത്. മുൻകൂട്ടി നിശ്ചയിച്ച സാംപിളിങ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിധ്യം നിർണയിക്കുകയാണ് സീറോ പ്രിവലൻസ് സർവേയിലൂടെ നടത്തുന്നത്. സമൂഹത്തിൽ എത്രശതമാനം പേർക്ക് രോഗപ്രതിരോധശേഷി ആർജിക്കാൻ കഴിഞ്ഞെന്ന് ഇതിലൂടെ കണ്ടെത്താൻ കഴിയും.

21 സംസ്ഥാനങ്ങളിൽനിന്നുള്ള 70 ജില്ലകളിലായി 100 ആരോഗ്യപ്രവർത്തകരടക്കം ശരാശരി 400 പേർ ഓരോ ജില്ലയിൽനിന്നും എന്നക്രമത്തിൽ ആറുവയസ്സിനുമുകളിലുള്ള 28,975 പേരിലാണ് ടെസ്റ്റ് നടത്തിയത്. കേരളത്തിൽ തൃശ്ശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് പഠനം നടത്തിയത്. ഇതിനുമുമ്പ്‌ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 11.6 ശതമാനം പേർക്കായിരുന്നു പ്രതിരോധശേഷി കണ്ടത്. അന്ന്‌ ദേശീയ ശരാശരി 21 ശതമാനമായിരുന്നു.

പ്രതിരോധശേഷിയുള്ളവരുടെ തോത് കൂടിയത് നമ്മുടെ കോവിഡ് നിയന്ത്രണത്തിന്റെ വിജയത്തെയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് 28-ൽ ഒരാൾക്ക് രോഗം കണ്ടെത്താൻ കഴിഞ്ഞെങ്കിൽ, കേരളത്തിൽ അഞ്ചിലൊരാളിൽ രോഗം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.