കോഴിക്കോട്: മലയാളത്തിലാണ് എഴുതുന്നത് എന്നതിൽ വലിയ അഭിമാനമുണ്ടെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ. മാതൃഭൂമി സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയുടെ ഭാഷയാണിത്. മറ്റു ഭാഷകളിൽനിന്ന് ഏതു പദവും സ്വീകരിക്കാൻ ആത്മവിശ്വാസമുള്ള ഭാഷയുമാണ്.

ഈ ഭാഷയിൽ സാഹിത്യത്തിന് മുഖ്യധാരയിൽ ഇടമുറപ്പിക്കാനായത് ‘മാതൃഭൂമി’ കാരണമാണ്. തമിഴ് ഉൾപ്പെടെ പല ഭാഷകളിലും സാഹിത്യത്തിന് മുഖ്യധാരാ മാധ്യമങ്ങളിൽ ഇടമില്ല. ലിറ്റിൽ മാഗസിനുകളെയാണ് അവിടെ എഴുത്തുകാർ ആശ്രയിക്കുന്നത്. ഇവിടെ സാഹിത്യം ആഘോഷിക്കപ്പെടുന്നു. പ്രധാനപ്പെട്ട എഴുത്തുകാരുടെയെല്ലാം രംഗപ്രവേശം ‘മാതൃഭൂമി’യിലൂടെയായിരുന്നു.

അവാർഡ് ലഭിക്കുമ്പോൾ സന്തോഷത്തെക്കാൾ ആത്മനിന്ദയാണ് ഉണ്ടാവുന്നതെന്ന് മാധവൻ പറഞ്ഞു. എഴുതിയവ എണ്ണത്തിൽ കുറവാണെന്നതിനാലാണിത്. 42 കഥകളും ഒരു നോവലും മാത്രമാണ് ഇതുവരെ എഴുതിയത്. എഴുത്തിന് സുഖകരമായ കാലഘട്ടമല്ല ഇത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരിടാൻ പ്രയാസമുള്ള വെട്ടുകിളി ശല്യം വർധിച്ചിരിക്കുന്ന കാലത്ത് സാഹിത്യമെഴുതുന്നവർ എന്തു ചെയ്യും?

ഫാസിസം നല്ല സാഹിത്യമുണ്ടാക്കില്ല. ഫാസിസ്റ്റ്‌വിരുദ്ധസാഹിത്യവും നല്ലതല്ല. കൗശലത്തോടെയേ ഈ ഘട്ടത്തെ നേരിടാനാവൂ. നന്മയും സാഹിത്യവും കൊണ്ടുണ്ടാകുന്ന മനോവികാസത്തിലൂടെ മാത്രമേ ഏതെങ്കിലും രൂപത്തിലുള്ള ചെറുത്തുനില്പ്‌ സാധ്യമാവൂ - മാധവൻ പറഞ്ഞു.

‘മാതൃഭൂമി’ സാഹിത്യമത്സരത്തിൽ സമ്മാനിതനായ വിദ്യാർഥി പിൽക്കാലത്ത് സാഹിത്യത്തിന്റെ പടവുകൾ കയറുന്നത് സ്നേഹത്തോടെയും അഭിമാനത്തോടെയുമാണ് കണ്ടുനിന്നതെന്ന് എം.ടി. വാസുദേവൻ നായർ പറഞ്ഞു. കുറച്ചേ എഴുതിയുള്ളൂവെങ്കിലും എഴുതിയതെല്ലാം നമ്മുടെ മനസ്സിലുണ്ട്. കുറെക്കാലം എഴുതാതിരുന്നതുകൊണ്ടും ഒരു വിഷമവും ഉണ്ടായിട്ടില്ല. കഥകൾ നിലനിൽക്കും എന്ന വിശ്വാസംകൊണ്ടാണ് ഇങ്ങനെ നിശ്ശബ്ദത പാലിക്കാൻ കഴിഞ്ഞത്. മാധവന്റെ വാക്കുകളെയും കഥകളെയും വളരെയേറെ ഇഷ്ടപ്പെടുന്നതിനാൽ ഇനിയും അതിനായി തീക്ഷ്ണമായ പ്രതീക്ഷയോടെ, ആകാംക്ഷയോടെ കാത്തിരിക്കും -എം.ടി. പറഞ്ഞു.

മാധവന്റെ ചെറിയ കഥകളെല്ലാം വലിയ കഥകളാണെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി. അഭിപ്രായപ്പെട്ടു. ‘കുട്ടികളേ, എന്നുമുതൽക്കാണ് ഞാൻ നിങ്ങൾക്ക് ഹിന്ദുവായത്?’ എന്ന് ‘തിരുത്ത്’ എന്ന കഥയിലെ പത്രാധിപർ ചോദിക്കുന്നുണ്ട്. വളരെയേറെ സ്പർശിച്ച ചോദ്യമാണത്. എക്കാലത്തും ഫാസിസത്തിന്റെ വലിയ വിമർശകനാണ് അദ്ദേഹം. കുറെയധികം പറയുന്നതിനാലല്ല, പറയുന്ന വാക്കിൽ കുറെ കാര്യങ്ങൾ അർഥപൂർണമായി ഉൾപ്പെടുത്തുന്നതിനാലാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത് -വീരേന്ദ്രകുമാർ പറഞ്ഞു.

എൻ.എസ്. മാധവന്റെ കഥകളുടെ തണലിൽ വളർന്ന ചെടികളാണ് തങ്ങളുടെ തലമുറയിലെ എഴുത്തുകാരെന്ന് ഇ. സന്തോഷ് കുമാർ പറഞ്ഞു. അദ്ദേഹവും ആ കഥകളുമില്ലായിരുന്നെങ്കിൽ ഞങ്ങൾക്കൊക്കെ ഇങ്ങനെയെഴുതാൻ കഴിയുമായിരുന്നോ എന്നു സംശയമാണ്. വളരെ പെട്ടെന്നുപഴകുന്ന കഥകളും ശീലങ്ങളുമുള്ള കാലത്ത് ഒരിക്കലും ലഹരി അവസാനിക്കാത്ത രചനകളാണ് മാധവന്റേത് -സന്തോഷ് കുമാർ പറഞ്ഞു.

മുന്തിയ എഴുത്തുകാരിൽ മുമ്പേ നടക്കുന്നവനാണ് എൻ.എസ്. മാധവനെന്ന് സംഗീത ശ്രീനിവാസൻ പറഞ്ഞു. വായനക്കാരുമായി ഒത്തുതീർപ്പിനു ശ്രമിക്കാത്തയാളാണ് അദ്ദേഹം. രാഷ്ട്രീയ പ്രയോഗമെന്ന നിലയ്ക്കു മാത്രമാണ് മലയാളികൾ മാധവന്റെ കഥകളെ വായിച്ചിട്ടുള്ളത്. അതിനപ്പുറം ആശയത്തിലും ഭാഷയിലും അദ്ദേഹം നടത്തിയ തേച്ചുമിനുക്കലുകൾ കൂടുതൽ പഠിക്കേണ്ടതുണ്ട്. ഖസാക്കിനെ അതിജീവിച്ച് നടന്നുപോന്നവരെ അംഗീകരിക്കാൻ വായനസമൂഹം വളരേണ്ടതുണ്ട് -സംഗീത പറഞ്ഞു.

മലയാളത്തിലെ എഴുത്തുകാരെ എക്കാലത്തും പ്രോത്സാഹിപ്പിച്ചിട്ടുള്ള മാതൃഭൂമി അഭിമാനപൂർവമാണ് എൻ.എസ്. മാധവന് സാഹിത്യ പുരസ്കാരം സമർപ്പിക്കുന്നതെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ പറഞ്ഞു. മാതൃഭൂമിയിലൂടെയാണ് കഥയെഴുത്തിലേക്ക് അദ്ദേഹം പ്രവേശിച്ചത്. കളിയെക്കുറിച്ചും യാത്രയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം എഴുതിയതും മാതൃഭൂമിയിലൂടെത്തന്നെ -പി.വി. ചന്ദ്രൻ പറഞ്ഞു.

എൻ.എസ്. മാധവൻ തെളിച്ച സർഗാത്മകതയുടെ വെട്ടുവഴിയിലൂടെ സധൈര്യം മുന്നോട്ടുപോയവരാണ് തങ്ങളുടെ തലമുറയിലെ എഴുത്തുകാരെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു.

Content Highlights: i proud to write in malayalam-ns madhavan