IG Bhaskara Panickerകോഴിക്കോട്: വായനയുടെയും അറിവിന്റെയും കുലപതിയായി വിശേഷിപ്പിക്കപ്പെടുന്ന പ്രൊഫ. ഐ.ജി. ഭാസ്‌കരപ്പണിക്കര്‍(90) അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് 4.20-ന് മാങ്കാവിലെ 'രഘുമന്ദിര'ത്തിലായിരുന്നു അന്ത്യം. ഗുരുവായൂരപ്പന്‍ കോളേജില്‍ ഗണിതശാസ്ത്രം അധ്യാപകനായിരുന്ന ഭാസ്‌കരപ്പണിക്കര്‍, ഐ.ജി.ബി. എന്നപേരിലാണ് സാംസ്‌കാരികലോകത്ത് അറിയപ്പെട്ടിരുന്നത്.

കേരളംകണ്ട ഏറ്റവും വലിയ വായനക്കാരിലൊരാളായിരുന്നു എറണാകുളം സ്വദേശിയായ ഐ.ജി.ബി. അതിവിപുലമായ പുസ്തകശേഖരത്തിന്റെ ഉടമയുമാണ്. സ്വകാര്യ കോളേജ് അധ്യാപകരുടെ സംഘടനയായ കെ.പി.സി.ടി.എ.യുടെ സ്ഥാപകരിലൊരാളാണ്.
പഠിക്കുന്നകാലത്ത് വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രവര്‍ത്തകനായിരുന്നു. സോവിയറ്റ് റഷ്യയെക്കുറിച്ചുള്ള പഠനവും അവിഭക്ത കമ്യൂണിസ്റ്റ് നേതാക്കളില്‍ പലരുമായുള്ള അടുപ്പവും മുതിര്‍ന്നപ്പോള്‍ പാര്‍ട്ടി അനുഭാവിയാക്കി. 1950-കളില്‍ സ്വകാര്യ കോളേജ് അധ്യാപകരില്‍ പാര്‍ട്ടി അംഗത്വമുള്ള അപൂര്‍വംപേരിലൊരാളായിരുന്നു.

കേരളസര്‍വകലാശാലാ സെനറ്റിലും കാലിക്കറ്റ് സര്‍വകലാശാലാ പ്രഥമസെനറ്റിലും സിന്‍ഡിക്കേറ്റിലും അംഗമായിരുന്നു. ശാസ്ത്രസാഹിത്യപരിഷത്തിന് രൂപംനല്‍കാന്‍ എന്‍.വി. കൃഷ്ണവാരിയരുമൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി രൂപംകൊണ്ട ഉപഭോക്തൃതര്‍ക്കപരിഹാരഫോറത്തില്‍ അംഗമായിരുന്നു. ശാസ്ത്രസാഹിത്യപരിഷത്ത്, സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എണ്‍വയണ്‍മെന്റ് കേരള (സ്‌പെക്ക്), സി. അച്യുതമേനോന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍ ഭാഷകളിലും വൈദഗ്ധ്യം നേടിയ ഐ.ജി.ബി. സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യ: എം.കെ. സരസ്വതി(റിട്ട. അധ്യാപിക, കിണാശ്ശേരി സ്‌കൂള്‍). മക്കള്‍: എം.കെ. രഘുനാഥ് (മിംസ്), എം.കെ. രവികുമാര്‍(ഭാരതീയ വിദ്യാഭവന്‍, എരഞ്ഞിക്കല്‍). സഹോദരങ്ങള്‍: പരേതനായ വി.ജി. പത്മനാഭന്‍, പരേതനായ വി.ജി. ശ്രീധരന്‍, വി.ജി.രാധ, വി.ജി. ലീല.