തിരുവനന്തപുരം: ആരോപണങ്ങളും പരിഹാസങ്ങളും ചോദ്യങ്ങളും മറുപടികളുമായി സജീവമായിരുന്നു വ്യാഴാഴ്ചത്തെ നിയമസഭാ സമ്മേളനത്തിലെ ശൂന്യവേള.
സ്വർണക്കടത്തിൽ പിടിച്ച് തനിക്കെതിരേ തിരിഞ്ഞ പ്രതിപക്ഷത്തെ എണ്ണിപ്പറഞ്ഞുള്ള മറുപടിയും പരിഹാസശരങ്ങളുമായി മുഖ്യമന്ത്രി നേരിട്ടു. പരാമർശങ്ങൾ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കുനേരെ തിരിഞ്ഞപ്പോൾ ഭരണപക്ഷവും, പ്രതിപക്ഷത്തിനുനേരെ പരിഹാസങ്ങളുയർന്നപ്പോൾ പ്രതിപക്ഷവും പ്രതിരോധവുമായെത്തി. പിണറായി കമ്യൂണിസ്റ്റാണോയെന്ന ചോദ്യത്തിന്, ആയതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും ഒരു പ്രത്യേക ജനുസ്സാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ ഒട്ടേറെ ആരോപണങ്ങളും ചോദ്യങ്ങളുമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ പി.ടി. തോമസ് ഉന്നയിച്ചത്.
അവയിൽ പലതിനും ചോദ്യങ്ങൾ ആവർത്തിച്ചുതന്നെ മറുപടി നൽകി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് പിണറായി വിജയൻ മറുപടി നൽകിയതും ഇതാദ്യം.
കുറിക്കുകൊള്ളുന്ന ഏഴ് ചോദ്യങ്ങളും മറുപടികളും
1. പി.ടി.തോമസ്: സ്വപ്നയെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയതാര്? വിവാഹത്തലേന്ന് സ്വപ്ന മുഖ്യമന്ത്രിയുടെ വസതിയിലെത്തിയോ ഇല്ലയോ?
മുഖ്യമന്ത്രി: എന്റെ മകളുടെ വിവാഹം നടന്നത് ക്ലിഫ് ഹൗസിലെ ‘ഏറ്റവും വലിയ’ മുറിയിൽെവച്ചാണ്. ആ മുറി നിങ്ങൾക്കും അറിയാമല്ലോ. വിവാഹസ്ഥലത്തുനിന്നുള്ള ഫോട്ടോയിൽ ഇ.പി. ജയരാജന്റെ ഭാര്യയുടെ തല വെട്ടിമാറ്റി ആ സ്ത്രീയുടെ തലവെച്ചു. ഇവിടെയാണ് ഉളുപ്പുതോന്നേണ്ടത്. എന്നിട്ട് ചോദ്യവുമായി വരികയാണ് വിവാഹത്തലേന്ന് വന്നോ എന്ന്. ഇല്ല.
2. പി.ടി. തോമസ്: മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ ഇ.ഡി.യോ കേന്ദ്ര ഏജൻസികളോ ചോദ്യംചെയ്തിട്ടുണ്ടോ?
മുഖ്യമന്ത്രി: പലർക്കും അത്തരം മോഹമുണ്ടായിരുന്നു. അതിനായി കുറെ കാര്യങ്ങളുംചെയ്തു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തിട്ടില്ല. നിരാശപ്പെടേണ്ട, ഇനിയും നിങ്ങൾക്ക് അതിന് ശ്രമിക്കാം.
3. പി.ടി. തോമസ്: കോവിഡ് കാലത്ത് ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്ക് പോകാൻ കഴിയാത്ത കാലത്ത് സ്വപ്ന തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കും പിന്നെ ബെംഗളൂരുവിലേക്കും എത്തിയത് എങ്ങനെയെന്ന് അന്വേഷിച്ചോ? ഉത്തരവാദികളായ പോലീസുകാരെ ചോദ്യംചെയ്യാനെങ്കിലും കഴിഞ്ഞോ?
മുഖ്യമന്ത്രി: കേസന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയാണ് അവർ എങ്ങനെ യാത്രചെയ്തെന്ന് അന്വേഷിക്കേണ്ടത്.
4. പി.ടി. തോമസ്: ലാവലിൻ കേസിൽ സി.വി.സി.യുടെ കൈയിലിരിക്കേണ്ട ഫയലുകൾ ചോർത്തിത്തന്നതിനുള്ള ഉപകാരസ്മരണയല്ലേ ശിവശങ്കറിനോടുള്ളത്
മുഖ്യമന്ത്രി: ശിവശങ്കറിന് ഐ.എ.എസ്. ലഭിച്ചത് 1995-ൽ. അന്ന് ആന്റണിയാണ് മുഖ്യമന്ത്രി. യു.ഡി.എഫ്. കാലത്ത് ഡി.പി.ഐ. ആയിരുന്നു. കെ.എസ്.ഇ.ബി. ചെയർമാനും ഊർജസെക്രട്ടിയും ഒരാളായത് നിങ്ങളുടെ കാലത്ത്. ദേശീയ ഗെയിംസ് ചുമതലക്കാരനും സ്പോർട്‌സ് സെക്രട്ടറിയുമായി സ്ഥാനംവഹിച്ചതും യു.ഡി.എഫ്. നിയമനമായിരുന്നു. ലാവലിനിൽ വ്യക്തമായ ചില രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണത്. എന്റെ കൈകൾ ശുദ്ധമാണെന്നതിനാലാണ് പറയുന്നത്. ആരുടെയും മുന്നിൽ തലയുയർത്തി പറയാനാകുമെന്നതിനാലാണ് പറയുന്നത്.
5. പി.ടി.തോമസ്: ഏത് ടിഷ്യൂ പേപ്പർ കാണിച്ചാലും ഒപ്പിട്ടുകൊടുക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നാണ് ശിവശങ്കർ പറഞ്ഞത്.
മുഖ്യമന്ത്രി: ശുദ്ധനുണയാണ്. എന്നോടൊപ്പം പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനും ഇങ്ങനെയൊരു അഭിപ്രായം ഉണ്ടാകുമെന്ന് കരുതുന്നില്ല.
6. പി.ടി. തോമസ്: ലൈഫിൽ ജോസ് പ്രതിയാണെങ്കിൽ ചെയർമാനായ മുഖ്യമന്ത്രിയും പ്രതിയാണ്. ഇ.എം.എസ്. ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെങ്കിൽ ആദ്യം ജയിലിൽ കിടക്കുന്ന മുഖ്യമന്ത്രിയായി പിണറായിയെ ചരിത്രം രേഖപ്പെടുത്തും
മുഖ്യമന്ത്രി: ലൈഫ് മിഷൻ തലപ്പത്തുള്ള ജോസ് ഏതുകേസിലാണ് പ്രതി? അതുമൊരു പൂതി. കമ്യൂണിസ്റ്റുകാരെ ജയിൽകാട്ടിയൊന്നും പേടിപ്പിക്കണ്ടാ. ലാവലിനിൽ കുറെക്കാലം എന്നെ പ്രതിയാക്കാൻ നടന്നില്ലേ. കോടതി അത് വലിച്ചെറിഞ്ഞില്ലേ. പി.ടി. തോമസിന് പിണറായി വിജയനെ മനസ്സിലായിട്ടില്ല.
7. പി.ടി. തോമസ്: സ്വർണക്കടത്ത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് നുണയല്ലേ?അന്വേഷണ ഏജൻസികൾ സത്യസന്ധമായി അന്വേഷിച്ചാൽ നിങ്ങളുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കും
മുഖ്യമന്ത്രി: 21 തവണ നയതന്ത്ര ബാഗേജുവഴി സ്വർണം വന്നത് മുഖ്യമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയോ വീഴ്ച കൊണ്ടാണോ. അത് പരിശോധിക്കേണ്ടത് കസ്റ്റംസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരല്ലേ. അത് കസ്റ്റംസിന്റെ ചുമതലയാണ്. ഇതുവഴിയുള്ള പണം റിയൽ എസ്റ്റേറ്റ് മേഖലയിലും ഹവാലയായും ഉപയോഗിക്കുന്നുണ്ട്. ഒരു അന്വേഷണസംഘം വന്നപ്പോൾ ഓടിയത് ആരാണെന്നും കണ്ടതാണ്. പിന്നെ ചവറ്റുകുട്ടയുടെ കാര്യം. അത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ജനം ഒരു വിധി തന്നല്ലോ. അടുത്തതും നമുക്ക് നോക്കാം.