കതിരൂർ: ഭർത്താവും ഭാര്യയും മിനിറ്റുകളുടെ വ്യത്യാസത്തിൽ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ചുണ്ടങ്ങാപ്പൊയിൽ കരിപ്പാൽ വീട്ടിൽ രാമകൃഷ്ണൻ (80), ഭാര്യ കല്ലി വസന്ത (71) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മരിച്ചത്.

രണ്ടുപേരും ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചശേഷം രാമകൃഷ്ണൻ കിടപ്പുമുറിയോടുചേർന്നുള്ള ശൗചാലയത്തിലേക്ക് പോയതാണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ അടുക്കളയിൽനിന്ന്‌ ഒാടിയെത്തിയ വസന്തയും ചെറുമകളും ചേർന്ന് കട്ടിലിൽ കിടത്തി. അപ്പോഴേക്കും വസന്തയ്ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. അവരും കിടക്കയിൽ കിടന്നു. ചെറുമകളുടെ കരച്ചിൽ കേട്ട് അയൽപക്കക്കാരും രാമകൃഷ്ണന്റെയും വസന്തയുടെയും മകനും വീട്ടിലെത്തി. രണ്ട് വാഹനങ്ങളിലായി ഇരുവരെയും തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

വ്യോമസേനയിൽനിന്ന്‌ വിരമിച്ചശേഷം കനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു രാമകൃഷ്ണൻ. പരേതരായ വളപ്പി കുഞ്ഞിരാമൻ മാസ്റ്ററുടെയും മാതു അമ്മയുടെയും മകനാണ്. കൂത്തുപറമ്പിലെ കല്ലി കുടുംബാംഗമാണ് വസന്ത. ആലക്കണ്ടി കുട്ടിരാമന്റെയും കല്ലി കല്യാണിയുടെയും മകളാണ്. മക്കൾ: സിന്ധു, പ്രവീൺ (കരിപ്പാൽ ട്രേഡേഴ്‌സ്, പൊന്ന്യം റോഡ് കവല, കതിരൂർ). മരുമക്കൾ: എം.സി.സഞ്ജീവ് കുമാർ (അധ്യാപകൻ, മൂലക്കടവ് ഗവ. എൽ.പി. സ്കൂൾ), ശുഭ (ചെറുകുന്ന്). രാമകൃഷ്ണന്റെ സഹോദരി: വിജയലക്ഷ്മി (ഗോവ). വസന്തയുടെ സഹോദരി: ശാന്ത. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.