ആലുവ: നിയമ വിദ്യാർഥിനി കീഴ്മാട് എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മൊഫിയ (21) യുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിൽ. ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃപിതാവ് യൂസഫ് (63) എന്നിവരെയാണ് ആലുവ ഡിവൈ.എസ്.പി. പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

മൊഫിയ മരണപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ ഇവരെ കോതമംഗലം ഉപ്പുകണ്ടം പാറഭാഗത്തെ ബന്ധുവീട്ടിൽനിന്നാണ് ചൊവ്വാഴ്ച അർധരാത്രി കസ്റ്റഡിയിലെടുത്തത്. പ്രതികളെ പിന്നീട് ആലുവ പോലീസ് സ്റ്റേഷനിലെത്തിച്ചു.

മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ ഭർത്താവിന്റേയും ഭർതൃവീട്ടുകാരുടേയും പേരിനൊപ്പം ആലുവ സി.ഐ.ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആലുവ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്ന മൊഫിയ തിങ്കളാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്. ഏഴ് മാസം മുൻപാണ് മുഹമ്മദ് സുഹൈലുമായി മൊഫിയയുടെ നിക്കാഹ് കഴിഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായതിനെ തുടർന്ന് വീട്ടുകാർ നിക്കാഹ് നടത്തുകയായിരുന്നു. ഭർത്താവിന്റെ വീട്ടിൽ വെച്ച് മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായി മൊഫിയ പരാതി നൽകിയിരുന്നു. സ്ത്രീധനം വേണ്ടെന്നു പറഞ്ഞ് നിക്കാഹ് നടത്തിയ ശേഷം 40 ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്.

മൊഫിയയെ മാനസിക രോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും ബന്ധുക്കൾ പറയുന്നു. പോലീസിനു നൽകിയ പരാതിയിൽ തിങ്കളാഴ്ച മൊഴി നൽകാനെത്തിയപ്പോൾ ആലുവ സി.ഐ. സി.എൽ. സുധീർ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തതോടെ മൊഫിയ കൂടുതൽ മനോ വിഷമത്തിലായി. ഭർതൃ പീഡനങ്ങൾക്കൊപ്പം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അധിക്ഷേപവും ആത്മഹത്യക്ക്‌ കാരണമായെന്നാണ് ബന്ധുക്കളുടെ ആരോപണം.

മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

കൊച്ചി: സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ആലുവ റൂറൽ എസ്.പി. അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഡിസംബർ 27-ന് പരിഗണിക്കും.