തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ എട്ടു ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ ആരോഗ്യനില മോശമായി. ഇവരെ ഉടനെ ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ, വിജയം കാണുന്നതുവരെ നിരാഹാരസമരത്തിൽനിന്നു പിന്മാറില്ലെന്ന് അവർ പറഞ്ഞു.

ബുധനാഴ്ചത്തെ സമരം വനിതാ കമ്മിഷൻ മുൻ അംഗം ഡോ.പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ ഈശ്വരവിശ്വാസികൾ അല്ലാത്തവരെപ്പോലും ശബരിമലയിലേക്കു കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് അവർ പറഞ്ഞു.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറിമാരായ വി.കെ.സജീവൻ, രേണു സുരേഷ്, ഒ.രാജഗോപാൽ എം.എൽ.എ., മുൻമന്ത്രി ആർ.സുന്ദരേശൻ നായർ, വിവിധ എൻ.ഡി.എ. നേതാക്കൾ എന്നിവർ സമരപ്പന്തൽ സന്ദർശിച്ചു.

content highlights: ready to observe hunger strike till death: shobha surendra