കണ്ണൂർ: ഭാവിയിൽ വൈദ്യുതിക്ഷാമം രൂക്ഷമാകാമെന്നിരിക്കെ വർഷങ്ങൾക്കുമുമ്പ് തുടക്കംകുറിച്ച ചെറുകിട ജലവൈദ്യുത പദ്ധതികൾ പലതും തുടക്കത്തിൽ നിലച്ചു. ചില പദ്ധതികൾ വൻ നഷ്ടംവരുത്തി ഇഴഞ്ഞുനീങ്ങുന്നു. സ്വകാര്യ പദ്ധതികളും ഇതിൽപ്പെടും. പള്ളിവാസൽ പദ്ധതിയുടെ മുൻ പ്രോജക്റ്റ് മാനേജർ ജേക്കബ് മുതിരേന്തിക്കൽ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ഈ പദ്ധതികളെല്ലാം കൂടി 30,000 കോടിയിലധികം രൂപയുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. നിലവിൽ സംസ്ഥാനം പുറത്തുനിന്ന് ഇപ്പോൾ വാങ്ങിക്കൊണ്ടിരിക്കുന്നത് 8680 കോടിയുടെ വൈദ്യുതിയാണ്.

2007 മാർച്ച് ഒന്നിന് തുടങ്ങിയ 60 മെഗാവാട്ട് പള്ളിവാസൽ പദ്ധതി 2011 മാർച്ച് ഒന്നിന് പൂർത്തിയാകേണ്ടതാണ്. ദിവസം 14.4 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കണം. യൂണിറ്റ് ഒന്നിന് അഞ്ചുരൂപ വെച്ച് എട്ടുമാസത്തെ ഉത്പാദന നഷ്ടംമാത്രം 173 കോടി വരും. 11 വർഷത്തെ ഉത്പാദന നഷ്ടം 1903 കോടി. പള്ളിവാസലിൽ മാത്രമുണ്ടായ നഷ്ടം 4000 കോടിയോളം വരുമെന്നാണ് ഏകദേശ കണക്ക്. മുടങ്ങിക്കിടക്കുന്ന മൊത്തം 805 മൊഗാവാട്ട് ശേഷിയുള്ള 128 ചെറുകിട ജലവൈദ്യുത പദ്ധതികളിൽ പകുതിയെണ്ണത്തിന്റെ നിർമാണം തുടങ്ങാത്തതിനാൽ നഷ്ടം പകുതിയായി കണക്കാക്കിയാൽപ്പോലും ചുരുങ്ങിയത് 30,000 കോടിയെങ്കിലും വരാനാണ് സാധ്യത. പല പദ്ധതിക്കായി കൊണ്ടുവന്ന സാധനങ്ങൾ തുരുമ്പിച്ചു നശിച്ചു.

40 മെഗാവാട്ടിന്റെ പാമ്പാർ പദ്ധതിക്ക് പരിസ്ഥിതി പ്രശ്നം തടസ്സമായി. 30 മെഗാവാട്ടിന്റെ അച്ചൻകോവിലാറിന്റെ സ്ഥിതിയും സമാനം. 24 മെഗാവാട്ട് ചെങ്കുളം ഓഗ്‌മെന്റേഷൻ പദ്ധതി സാങ്കേതിക തടസ്സം കാരണം നിലച്ചു. മാങ്കുളം, അപ്പർചെങ്കുളം, കക്കാടംപൊയിൽ, കരിക്കയം, കീഴാർകുത്ത്, നക്കയം, ചിന്നപ്പറമ്പ് തോട്, ആവർകുട്ടി, കൈതക്കൊല്ലി ഡൈവേർഷൻ, കണ്ണങ്കുഴി, പാറക്കടവ്, ആനക്കയം, ബാവലിപ്പുഴ രണ്ടാം ഘട്ടം, വളാംതോട്, ചെമ്പുകട്ടി, ലോവർ വട്ടപ്പാറ, മാർമല, തൂമ്പൂർമുഴി, അപ്പർപെരിങ്ങൽ, ചെമ്പുകടവ്-3, ചിറ്റൂർഅപ്പർ, കാഞ്ഞിരക്കൊല്ലി-1, പാൽച്ചുരം, വേസ്റ്റേൺ കല്ലാർ, കരിമ്പുഴ തുടങ്ങി നൂറോളം പദ്ധതികളാണ് പാതിവഴിയിലോ തുടക്കത്തിലോ ഇല്ലാതായത്.

സ്വകാര്യ ജലവൈദ്യുത പദ്ധതികൾ പലതും വനാതിർത്തിയിൽ ആയതിനാൽ വനംവകുപ്പിന്റെ അനുമതി ലഭിക്കാതെ തുടങ്ങാൻ പറ്റാത്ത സാഹചര്യമാണ്. പെരിങ്ങൽകുത്ത് 2017-ലും ചാത്തങ്കോട്ടുനട പദ്ധതി 2012-ലും പൂർത്തിയാവേണ്ടതായിരുന്നു. രണ്ടരവർഷം കൊണ്ട് പൂർത്തിയാകേണ്ട 24 മെഗാവാട്ടിന്റെ ഭൂതത്താൻകെട്ട് പദ്ധതിയും മൂന്നരവർഷം കൊണ്ടു പൂർത്തിയാകേണ്ട തൊട്ടിയാർ പദ്ധതിയും 13 വർഷം കഴിഞ്ഞിട്ടും പാതിവഴിയിലാണ്. പൂന്തേനരുവി ചെറുകിട പദ്ധതിയിലെ പ്രതീക്ഷ 25.77 ദശലക്ഷം യൂണിറ്റാണ്. മൊത്തം 72 കോടി ചെലവായി. 2017-ൽ തുടങ്ങിയ പദ്ധതിയിൽനിന്ന് ലഭിക്കുന്നത് 16 ദശലക്ഷം യൂണിറ്റ് മാത്രം.

കണ്ണൂർ വഞ്ചിയം പദ്ധതിക്കു തുടക്കംകുറിച്ചിട്ട് കാൽനൂറ്റാണ്ടായി. 1993-ൽ പയ്യാവൂർ പഞ്ചായത്തിലെ വഞ്ചിയം പുഴയിൽ മൂന്നു മെഗാവാട്ട് ശേഷിയുള്ള പദ്ധതി തുടങ്ങാൻ തിരുമാനിച്ചിരുന്നു. കാഞ്ഞിരക്കൊല്ലിയിലെ രണ്ട് പദ്ധതികളും കടലാസിലൊതുങ്ങി.