തിരുവനന്തപുരം: ബാങ്കുകളുടെ എഴുത്തുകുത്തുകളും ഇടപാടുവിവരങ്ങളും അപേക്ഷകളും മലയാളത്തിലും വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇക്കാര്യം ബാങ്കുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരമുണ്ടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ധനവകുപ്പിനോടു നിർദേശിച്ചു.

ബാങ്കിലെ ഭാഷയും മലയാളത്തിലാക്കുന്നതിനെപ്പറ്റി ഔദ്യോഗിക ഭരണഭാഷാ വകുപ്പിൽനിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. ഇതിനുള്ള നിർദേശങ്ങൾ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയിലുന്നയിച്ച് നടപടിയെടുപ്പിക്കാൻ ഏപ്രിൽ ഒന്നിന് ധന (ആസൂത്രണ-എ) വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് കമ്മിഷനെ അറിയിച്ചു.

ബാങ്കിൽ അക്കൗണ്ട് എടുക്കുന്നതു മുതലുള്ള എല്ലാ രേഖകളും ഇംഗ്ലീഷിലാണ്. ഇടപാടുകാരിൽ 75 ശതമാനത്തിനും അവ വായിച്ചു മനസ്സിലാക്കാൻ കഴിയാറില്ല. ബാങ്ക് ജീവനക്കാർ പറയുന്ന സ്ഥലങ്ങളിൽ ഒപ്പിട്ടുനൽകുകയാണ് ഇടപാടുകാർ ചെയ്യുന്നത്.

ബാങ്കുകൾ ഈടാക്കുന്ന വിവിധ തുകകളെക്കുറിച്ചും ഇംഗ്ലീഷ് അറിയാത്തവർ അജ്ഞരാണ്. ബാങ്കിങ് ഇടപാടുകളിലെ ഇംഗ്ലീഷ്‌വത്കരണം കാരണം, ഭാഷയറിയാത്തവർ പലപ്പോഴും കബളിപ്പിക്കപ്പെടാറുണ്ടെന്നും അഭിഭാഷകനായ ടോം ജോസ് പൂച്ചാലിൻ നൽകിയ പരാതിയിൽ പറയുന്നു.

Content Highlights: human rights commission says banks forms and other documents should be provide in malayalam also