കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ എത്ര സ്‌ഫോടകവസ്തു വേണ്ടിവരുമെന്ന് തിട്ടപ്പെടുത്തുന്നത് വിശദ സ്‌ഫോടന രൂപരേഖ (ബ്ലാസ്റ്റ് പ്ലാൻ) ലഭിച്ചശേഷം. ഇത് 10 ദിവസത്തിനകം നൽകാനാണ് പൊളിക്കൽ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും നേരത്തെ ലഭിച്ചാൽ ഉടൻതന്നെ തുടർനടപടികൾ ആരംഭിക്കും.

ഒരു ദ്വാരത്തിൽ സ്‌ഫോടകവസ്തുവിന്റെ ഒരു ‘കാട്രിഡ്ജ്’ വെക്കണമെന്നാണ് കരുതുന്നത്. ‘അമോണിയം നൈട്രേറ്റ്’ പ്രധാന ഘടകമായ എമൽഷൻ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നതെന്ന് ഉന്നത കേന്ദ്രങ്ങൾ പറഞ്ഞു.

ഒരു കാട്രിഡ്ജിൽ 125 ഗ്രാം സ്‌ഫോടകവസ്തുവാണ് ഉണ്ടാവുക. ഇതിനൊപ്പം ഒരു ഡിറ്റണേറ്ററും (കത്തിക്കാനുള്ള വസ്തു) വേണം. ഒരു തൂണിൽത്തന്നെ നിരവധി ദ്വാരങ്ങൾ മാലപോലെ ഉണ്ടാക്കും. ടൈമർ ഉപയോഗിച്ച് മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് സ്‌ഫോടനം നടത്തുക. അതിനാൽ, ആഘാതം വളരെ കുറയും. ബ്ലാസ്റ്റ് പ്ലാൻ ലഭിച്ചാലേ എത്ര സ്‌ഫോടകവസ്തു വേണ്ടിവരുമെന്ന് കണക്കാക്കാനാകൂ. കൊച്ചിയിൽനിന്നാണ് ഇതുവാങ്ങുക.

താഴെനിന്ന് അഞ്ച് നിലകൾ വരെയാണ് സ്‌ഫോടനം നടത്തുന്നത്. താഴെനിന്ന് തകർന്നു തുടങ്ങുന്നതോടെ മുകളിലുള്ള നിലകൾ നേരേ താഴേക്ക് പതിക്കുമെന്നാണ് കരുതുന്നത്. വശങ്ങളിലേക്ക് ഒട്ടും തെറിക്കാതിരിക്കാൻ ‘ജിയോ നെറ്റു’കൾ ഉപയോഗിക്കാമെന്ന് പൊളിക്കൽ കമ്പനികൾ അറിയിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലേക്കോ കായലിലേക്കോ അവശിഷ്ടങ്ങൾ വീഴില്ലെന്നാണ് അവർ നൽകുന്ന ഉറപ്പ്.

എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷം സ്‌ഫോടനം നടത്താൻ ഏജൻസികൾ കളക്ടറിൽനിന്ന് എൻ.ഒ.സി. (എതിർപ്പില്ലാരേഖ) വാങ്ങണം. ഇതുമായി പെസോയുടെ െഡപ്യൂട്ടി എക്സ്‌പ്ലോസീവ് കൺട്രോളർക്ക് അപേക്ഷ നൽകണം. പൊട്ടിക്കാനുള്ള അന്തിമാനുമതി ഇവിടെനിന്നാണ് നൽകുക. ബ്ലാസ്റ്റേഴ്‌സും (മൈൻസ് ഡയറക്ടറേറ്റിന്റെ ലൈസൻസുള്ളയാൾ) ഷോട്ട് ഫയററുമാണ് (പെസോയുടെ ലൈസൻസുള്ളയാൾ) സ്‌ഫോടനച്ചുമതല നിർവഹിക്കുക.

‘ആൽഫ സെറീനി’ന്റെ രണ്ട് ടവറുകൾ പൊളിക്കാൻ ‘വിജയ് സ്റ്റീൽസി’ (ചെന്നൈ)നെയും ‘ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ.’, ‘ഗോൾഡൻ കായലോരം’, ‘ജെയിൻ കോറൽകോവ്’ എന്നിവ പൊളിക്കാൻ ‘എഡിഫിസ് എൻജിനിയേഴ്‌സി’ (മുംബൈ)നെയുമാണ് നിയോഗിക്കാൻ സാങ്കേതിക സമിതി ശുപാർശ ചെയ്തിരിക്കുന്നതെന്ന് ഫോർട്ടുകൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു.

Content Highlights: how to demolish maradu flats; details here