ഡാം തുറക്കുന്നതിന് മുന്നോടിയായി നീല, ഓറഞ്ച്, റെഡ് മുന്നറിയിപ്പുകളാണുള്ളത്. നിശ്ചയിച്ചിരിക്കുന്ന അടിയിൽ കൂടുതലായി ഡാമിന്റെ ജലനിരപ്പ് ഉയരുമ്പോഴാണ് ഓരോ മുന്നറിയിപ്പ്‌ പ്രഖ്യാപിക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും

നീല

* എല്ലാ അണക്കെട്ടുകളിലും ഡാം സുരക്ഷാവിഭാഗം ഉണ്ട്. അവർ ജലനിരപ്പ് ഡാം സേഫ്ടി ഒാർഗനൈസേഷൻ കേന്ദ്ര ഒാഫീസ്, കെ.എസ്.ഇ.ബി. എന്നിവരെ അറിയിക്കും.

* ഡാം തുറക്കുന്നതിന് 36 മണിക്കൂർ മുമ്പ് നീല അലർട്ട് പ്രഖ്യാപിക്കും.

* ഡാമിന്റെ ജലനിരപ്പ് സംബന്ധിച്ച് ഡാം സുരക്ഷാ ഉദ്യോഗസ്ഥർ കെ.എസ്.ഇ.ബി.ക്കും എമർജൻസി പ്ലാനിങ് മാനേജർക്കും റിപ്പോർട്ട് നൽകും. റിപ്പോർട്ട് വിലയിരുത്തിയശേഷം ഡാമിന്റെ നിലവിലെ സ്ഥിതി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെയും കളക്ടറെയും അറിയിക്കും.

* കളക്ടർ, ജില്ലാ പോലീസ് മേധാവി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ, സെൻട്രൽ ഡാം സുരക്ഷാ ഓർഗനൈസേഷൻ, തഹസിൽദാർമാർ, സർക്കാർ ആശുപത്രി സൂപ്രണ്ടുമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സ്ഥിതി വിലയിരുത്തും.

* ഡാം തുറന്നാൽ ജനങ്ങൾക്ക് ദുരന്തനിവാരണ അതോറിറ്റിയും പോലീസും ജാഗ്രതാനിർദേശം നൽകും.

ഓറഞ്ച്

* ഡാം തുറക്കുന്നതിന് 24 മണിക്കൂർ മുമ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും.

* കെ.എസ്.ഇ.ബി. ചെയർമാൻ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവരെ സ്ഥിതി അറിയിക്കും.

* വെള്ളം ഒഴുകിപ്പോകുന്ന വഴിയിലുള്ള തടസ്സങ്ങൾ നീക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കും.

* ആർമി, നേവി എന്നിവരെ വിവരമറിയിക്കും. ആംബുലൻസ് സൗകര്യങ്ങളും ഒരുക്കും.

* ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കും. മാധ്യമങ്ങൾവഴി അത് പ്രസിദ്ധപ്പെടുത്തും.

റെഡ്

* ജില്ലാ കളക്ടർ, ഉയർന്ന റവന്യൂ ഉദ്യോഗസ്ഥൻ എന്നിവർ സ്ഥലത്തെത്തും.

* പ്രദേശത്തേക്കുള്ള ഗതാഗതം നിയന്ത്രിക്കും.

* ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കും.

* ഷട്ടറുകൾ ഉയർത്തുന്നതിന് മുന്നോടിയായി മൂന്നുതവണ സൈറൺ മുഴക്കും.

* ഉന്നതോദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഡാമിന്റെ ഷട്ടർ ഓപ്പറേറ്റർമാർ ഉയർത്തും.

* കെ.എസ്.ഇ.ബി., ഡാം സുരക്ഷാ ഓർഗനൈസേഷൻ എന്നിവയുടെ ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര ജലകമ്മിഷനും സർക്കാരിനും സമർപ്പിക്കും.

മുൻകരുതലായി

സംസ്ഥാനത്തെ അണക്കെട്ടുകൾ തുറക്കേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. ഇതിന് മുന്നോടിയായി കേന്ദ്ര ജലകമ്മിഷന്റെ നിർദേശപ്രകാരം കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള പ്രധാനപ്പെട്ട 37 അണക്കെട്ടുകൾക്കുവേണ്ടി എമർജൻസി ആക്ഷൻ പ്ലാൻ (ഇ.എ.പി.) തയ്യാറാക്കി. അണക്കെട്ട് പെട്ടെന്ന് തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് ഇ.എ.പി.യിൽ പറയുന്നത്. ഇ.എ.പി.യുടെ വിവരങ്ങൾ കേന്ദ്ര ജലകമ്മിഷനും കെ.എസ്.ഇ.ബി. അണക്കെട്ട് സുരക്ഷാ അതോറിറ്റിയും വെബ്‌സൈറ്റുവഴി പ്രസിദ്ധീകരിച്ചു.

2018-ലെ പ്രളയത്തിൽ അണക്കെട്ടുകൾ തുറന്നുവിട്ടതിനെതിരേ അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് കേന്ദ്ര ജലകമ്മിഷൻ ഇ.എ.പി. വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഡാം സേഫ്റ്റി ഓർഗനൈസേഷൻ സിവിൽ-ഡാം സേഫ്റ്റി ആൻഡ്‌ ഡ്രിപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം ഇ.എ.പി. തയ്യാറാക്കിയത്. ഇ.എ.പി.പ്രകാരമായിരിക്കും അടിയന്തരസാഹചര്യമുണ്ടായാൽ നടപടി സ്വീകരിക്കുകയെന്ന് കെ.എസ്.ഇ.ബി. ഡാം സേഫ്റ്റി അതോറിറ്റി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആർ.പ്രീത പറഞ്ഞു.