image
കെ.വി.വസന്ത

കണ്ണൂർ: ഉറങ്ങിക്കിടന്ന വീട്ടമ്മ വീടിന്റെ മച്ച് തകർന്ന് മരിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ട് മിൽമ റോഡിലെ കൊയിലി ഹൗസിൽ കെ.വി.വസന്തയാ (61)ണ് മരിച്ചത്. മച്ചിന് മുകളിലെ മുറിയിൽ ഉറങ്ങിയിരുന്ന മകൻ ഷിബുവിന് തലയിലും മുഖത്തും പരിക്കേറ്റു. ഇയാൾ കണ്ണൂർ എ.കെ.ജി. ആസ്പത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച പുലർച്ചെ 12.50-നാണ് ദുരന്തം.

മരത്തടിയും പലകയും മണ്ണുമുപയോഗിച്ച് നിർമിച്ച മച്ചാണ് ഉറങ്ങിക്കിടന്ന വസന്തയുടെ മുകളിൽ പതിച്ചത്. ഷിബു കിടന്ന കട്ടിലും ഈ മുറിയിലുണ്ടായിരുന്ന അലമാരയും ഉൾപ്പെടെയാണ് ഇവരുടെ മുകളിലേക്ക് വീണത്. ഷിബു കിടന്നിരുന്ന മുറിയുടെ സമീപത്തെ മുറിയിലാണ് സഹോദരൻ ഷിജു ഉറങ്ങിയിരുന്നത്. ഉറക്കത്തിലായിരുന്നതിനാൽ ആദ്യം ആർക്കും സംഭവം വ്യക്തമായില്ല.

താഴത്തെ മുറിയിൽനിന്ന്‌ ജ്യേഷ്ഠന്റെ ശബ്ദംകേട്ടാണ് ഷിജു എഴുന്നേറ്റത്. മണ്ണും മരവും വീണ് മൂടിയ നിലയിലായിരുന്നു വസന്ത. ഷിജു വിവരമറിയിച്ചതിനെത്തുടർന്ന് ഉടൻതന്നെ പോലീസും അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വസന്തയെ രക്ഷിക്കാനായില്ല. കെ.പവിത്രനാണ് വസന്തയുടെ ഭർത്താവ്. മകൾ: ഷിംന. മരുമകൻ: ധനേഷ് (തളിപ്പറമ്പ്).