കൊച്ചി: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി.) ചികിത്സയ്ക്കിടെ കുഞ്ഞിന് എച്ച്.ഐ.വി. ബാധിച്ചെന്ന വിവരം തെറ്റെന്ന് വ്യക്തമായാല്‍ ഉത്തരവാദികളുടെ പേരില്‍ നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി. കുഞ്ഞിന് എച്ച്.ഐ.വി. ബാധയുണ്ടോ എന്നതിനെക്കുറിച്ച് ചെന്നൈയില്‍ നടത്തിയ പരിശോധനയുടെ വിവരം ലഭിച്ചിട്ടില്ല. ഡല്‍ഹിയില്‍നിന്ന് ചില വിവരങ്ങള്‍ കിട്ടാനുണ്ട്.

കുഞ്ഞിന് എച്ച്.ഐ.വി. ബാധയില്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞാല്‍ മറിച്ചുള്ള പ്രചാരണത്തിന് പിന്നിലുള്ളവരുടെ പേരില്‍ നടപടിയെടുക്കും. കോടതി അക്കാര്യം ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണിത്.

ഒമ്പതുവയസ്സുകാരിയുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായവും നഷ്ടപരിഹാരവും നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ആര്‍.സി.സി.യില്‍ അര്‍ബുദ ചികിത്സയുടെ ഭാഗമായി രക്തം കയറ്റിയശേഷമാണ് എച്ച്.ഐ.വി.ബാധ കണ്ടതെന്ന് ഹര്‍ജിയില്‍ പറയുന്നു.