തിരുവനന്തപുരം: ചികിത്സയിലിരിക്കേ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്.ഐ.വി. ബാധിക്കാനിടയായ സംഭവത്തില്‍ അന്വേഷണസംഘം റീജണല്‍ കാന്‍സര്‍ സെന്ററിലെ ചികിത്സാരേഖകള്‍ പരിശോധിച്ചുതുടങ്ങി. കുട്ടിക്ക് കുത്തിവെച്ച രക്തം ദാനംചെയ്തവരുടെ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ആര്‍.സി.സി. അധികൃതര്‍ കൈമാറിയിരുന്നു.

ദാതാക്കളുടെ പേരില്‍ നിയമനടപടികളെടുക്കാനാവില്ലെങ്കിലും ആവശ്യമെങ്കില്‍ അവരെ വിളിച്ചുവരുത്താന്‍ പോലീസ് ആലോചിക്കുന്നുണ്ട്. നിയമവശങ്ങള്‍ പരിശോധിച്ചശേഷമാകും ഇക്കാര്യത്തില്‍ പോലീസ് നടപടി സ്വീകരിക്കുക.

അതിനിടെ, ജോയന്റ് ഡി.എം.ഇ. ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള വകുപ്പുതല അന്വേഷണസംഘം ശനിയാഴ്ചയും ആര്‍.സി.സി.യിലെത്തി. അന്വേഷണറിപ്പോര്‍ട്ട് തിങ്കളാഴ്ചയോടെ സര്‍ക്കാരിന് കൈമാറിയേക്കും. ആര്‍.സി.സി. ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും തിങ്കളാഴ്ച സര്‍ക്കാരിന് നല്‍കിയേക്കും.

അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ രക്തസാമ്പിള്‍ കഴിഞ്ഞദിവസം പോലീസ് ശേഖരിച്ചു. ഈ സാമ്പിള്‍ പരിശോധനയിലും എച്ച്.ഐ.വി. സ്ഥിരീകരിച്ചിട്ടുണ്ട്. ആര്‍.സി.സി.യില്‍നിന്ന് മാത്രം കുട്ടിക്ക് 49 തവണ രക്തഘടകങ്ങള്‍ കുത്തിവെച്ചിരുന്നു. സംഭവത്തില്‍ സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍.സി.സി.യിലേക്ക് മാര്‍ച്ച് നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനംചെയ്തു.

രക്തദാനത്തിലൂടെയുള്ള രോഗപ്പകര്‍ച്ച പൂര്‍ണമായും തടയാനാവില്ല

തിരുവനന്തപുരം:
രക്തദാനത്തിലൂടെയുള്ള രോഗപ്പകര്‍ച്ച പൂര്‍ണമായി തടയാനാവില്ലെന്ന് വിദഗ്ധര്‍. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിപ്പിച്ചാലും അവ പ്രത്യക്ഷപ്പെടുക ഒരാളുടെ പ്രതിരോധശേഷികൂടി കണക്കിലെടുത്താണ്. അതിനാല്‍ത്തന്നെ ചിലരില്‍ എത്രദിവസത്തിനുള്ളില്‍ രോഗാണു പ്രത്യക്ഷപ്പെടുമെന്ന് കൃത്യമായി പ്രവചിക്കാനാവില്ല.

പരിശോധനയിലൂടെ പരമാവധിവേഗം രോഗാണുസാധ്യത കണ്ടെത്താനുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുവരുന്നതേയുള്ളൂ. ചെലവ് കൂടുതലെങ്കിലും രോഗാണുസാന്നിധ്യം വേഗം കണ്ടെത്താനാവുന്ന (നാറ്റ് പരിശോധന) അത്യാധുനിക ലാബുകള്‍ സ്ഥാപിക്കുകയാണ് ഇതിനുള്ള പോംവഴിയെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. മീന പറഞ്ഞു.

ഇതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ സാങ്കേതിക പിഴവുകൊണ്ട് രോഗിക്ക് എച്ച്.ഐ.വി. പകര്‍ന്നുവെന്ന് കരുതാനാവില്ലെന്നും അവര്‍ പറഞ്ഞു.

നിലവില്‍ രക്തദാനത്തിനെത്തുന്നവരുടെ സാമ്പിള്‍ പരിശോധനയില്‍ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്.ഐ.വി., സിഫിലിസ്, മലേറിയ എന്നീ രോഗങ്ങളുടെ സാധ്യതയാണ് പരിശോധിച്ചുവരുന്നത്.

രക്തദാനത്തിന് മുന്നോടിയായി ദാതാവിനുള്ള വിശദമായ കൗണ്‍സലിങ് എല്ലാ ലാബുകളിലും നിര്‍ബന്ധമാക്കണം. ആറുമാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണം. അത്തരക്കാരില്‍ ഇടക്കിടെ രക്തപരിശോധന നടത്തുന്നതിനാല്‍ അണുബാധ തിരിച്ചറിയാനാകും.