തിരുവനന്തപുരം: റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരുന്ന ഒന്‍പതു വയസ്സുകാരിക്ക് എച്ച്.ഐ.വി. ബാധിച്ചെന്ന പരാതിയില്‍ ആരോഗ്യവകുപ്പും പോലീസും തെളിവെടുപ്പ് തുടങ്ങി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം ആര്‍.സി.സി.യിലെത്തി ലബോറട്ടറി രേഖകള്‍ പരിശോധിച്ചു.

രക്ഷിതാക്കളുടെ പരാതിയില്‍ കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും അന്വേഷണം തുടങ്ങി. ചികിത്സാരേഖകള്‍ ആവശ്യപ്പെട്ട് ആര്‍.സി.സി. ഡയറക്ടര്‍ക്ക് പോലീസ് കത്തുനല്കി. കുട്ടിയുടെ രക്തസാമ്പിള്‍ ശേഖരിച്ചു. രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തി.

പെണ്‍കുട്ടി നേരത്തേ ചികിത്സതേടിയ ആസ്​പത്രികളിലും ആരോഗ്യവകുപ്പും പോലീസും അന്വേഷണം നടത്തും. കുട്ടിയുടെ തുടര്‍ചികിത്സയ്ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യവുമൊരുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ആര്‍.സി.സി.യില്‍നിന്നു മാത്രം കുട്ടിക്ക് 49 തവണ രക്തഘടകങ്ങള്‍ കുത്തിവെച്ചിട്ടുണ്ട്. 39 തവണയും ആസ്​പത്രിയില്‍ കിടത്തിച്ചികിത്സ നല്കുന്നതിനിടെയാണ് രക്തഘടകം നല്കിയത്.

കുത്തിവെച്ച രക്തഘടകങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാന്‍ കഴിയും. ഇതുസംബന്ധിച്ച രേഖകള്‍ ആര്‍.സി.സി. ലബോറട്ടറിയിലും രക്തബാങ്കിലും ലഭ്യമാണ്.

ഇതനുസരിച്ച് ദാതാക്കളെ വിളിച്ചുവരുത്തി എച്ച്.ഐ.വി. ബാധയുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആര്‍.സി.സി. തുടങ്ങിയിട്ടുണ്ട്. ദാതാവിന് തുടര്‍ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ദാതാവിന്റെ പേരില്‍ മറ്റു നടപടികള്‍ സ്വീകരിക്കാനാവില്ല.

മാര്‍ച്ചുമുതലാണ് പെണ്‍കുട്ടി രക്താര്‍ബുദം ബാധിച്ച് ആര്‍.സി.സി.യില്‍ ചികിത്സയ്‌ക്കെത്തിയത്. കീമോതെറാപ്പിക്കുശേഷം രക്തം സ്വീകരിച്ചതിനെത്തുടര്‍ന്നാണ് എച്ച്.ഐ.വി. ബാധ ഉണ്ടായതെന്നാണ് മാതാപിതാക്കളുടെ പരാതി.

സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് ആസ്​പത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
 
ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

പെണ്‍കുട്ടിക്ക് എച്ച്.ഐ.വി. ബാധിച്ചതായി പറയപ്പെടുന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍േട്രാള്‍ സൊസൈറ്റി എന്നിവര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി ആവശ്യപ്പെട്ടത്.

 
അച്ചടക്കനടപടി വേണം -മനുഷ്യാവകാശ കമ്മിഷന്‍

സംഭവത്തില്‍ വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കണമെന്നും കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹന്‍ദാസ് ഉത്തരവിട്ടു.

സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം. ആര്‍.സി.സി. ഡയറക്ടറും ആരോഗ്യ സെക്രട്ടറിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്കണമെന്നും ഉത്തരവില്‍ പറയുന്നു.