പാലക്കാട്: സർക്കാർ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളിലൂടെയുള്ള ക്രമക്കേടുകൾ തടയാൻ വിജിലൻസിൽ മെക്കാനിക്കുകളെ നിയമിക്കുന്നു. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനച്ചെലവ് തുടങ്ങിയവയിലൂടെയുള്ള തട്ടിപ്പ് തടയാനാണിത്.
കേടായ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി പുനരുപയോഗിക്കാൻ കഴിയുമെങ്കിലും നിസ്സാരകാരണങ്ങൾ നിരത്തി ഒഴിവാക്കി വാടക വാഹനങ്ങൾ വിളിക്കുന്നത് പതിവാണ്. ഇതുവഴി വൻതോതിൽ പണം ചോരുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. അറ്റകുറ്റപ്പണിയുടെ മറവിൽ വർക്ക്ഷോപ്പുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുമുണ്ട്.
വിനോദസഞ്ചാര വകുപ്പ് വാഹനങ്ങൾ, വനംവകുപ്പിന്റെ സവാരിവണ്ടികൾ, കെ.എസ്.ആർ.ടി.സി., കെ.ഡബ്യു.ടി.സി. എന്നീ വകുപ്പുകളുടെ വാഹനങ്ങളുടെ പരിശോധനയ്ക്കും സാങ്കേതിക വിദഗ്ധരുടെ സഹായം ആവശ്യമാണെന്ന് വിജിലൻസ് അധികൃതർ പറയുന്നു.
പൊതുമരാമത്ത് വകുപ്പിലെ സാങ്കേതിക വിദഗ്ധരുടെ സേവനംകൊണ്ട് വാഹനങ്ങളുടെ സാങ്കേതികവശങ്ങൾ പരിശോധിക്കാൻ പരിമിതികളുണ്ടെന്ന് വിജിലൻസ് സർക്കാരിനെ അറിയിച്ചിരുന്നു. കോടതി നടപടികളിലും മോട്ടോർ മെക്കാനിക്കിന്റെ സേവനം വിജിലൻസിന് ആവശ്യമാണ്.
നിയമനം വിവിധവകുപ്പുകളിൽനിന്ന്
അസി. എക്സിക്യുട്ടീവ് എൻജിനിയർ (മെക്കാനിക്കൽ) തസ്തികയിലാണ് സാങ്കേതിക വിദഗ്ധരെ വിജിലൻസിൽ നിയമിക്കുക. നിലവിലെ സാഹചര്യത്തിൽ സ്ഥിരനിയമനമുണ്ടാവില്ല. ഡെപ്യൂട്ടേഷൻ വഴിയുള്ള നിയമനത്തിന് അനുമതിയുണ്ട്. ജലസേചനം, ജല അതോറിറ്റി, തുറമുഖം തുടങ്ങിയ സർക്കാർ വകുപ്പുകൾക്കു പുറമേ കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി., സിൽക്ക്, ടൈറ്റാനിയം, കെ.എം.എം.എൽ., കെ. ഇ.ഐ. എന്നിവയിലെ വിദഗ്ധരുടെ സേവനം വിജിലൻസിൽ ഉപയോഗിക്കാനാണ് തീരുമാനം. -വിജിലൻസ് വിഭാഗം അഡീ. ചീഫ് സെക്രട്ടറിയുടെ ഓഫീസ്.
Content Highlights: Hires mechanics in vigilance to prevent irregularities