കായംകുളം: പള്ളിയങ്കണത്തിൽ ഒരുക്കിയ കതിർമണ്ഡപത്തിൽ ഹൈന്ദവ ആചാരപ്രകാരം ശരത് അഞ്ജുവിന് താലിചാർത്തി. പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈ വിവാഹത്തിൽ ആഹ്ലാദം പങ്കുവച്ച് നാട് മതമൈത്രിയുടെ മധുരം നുണഞ്ഞു.

ബാങ്ക് വിളികൾ മാത്രം മുഴങ്ങിയിരുന്ന പള്ളിയങ്കണത്തിൽ ആദ്യമായി വിവാഹച്ചടങ്ങിന്റെ മണിനാദം കിലുങ്ങി. ചേരാവള്ളി ജമാ അത്ത് കമ്മിറ്റിയാണ് നിർധന കുടുംബാംഗമായ അഞ്ജുവിന് മംഗല്യഭാഗ്യമേകാൻ വിവാഹം ഏറ്റെടുത്ത് നടത്തിയത്. ജനപ്രതിനിധികളും പൗരപ്രമുഖരുമടക്കം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. കാപ്പിൽ കിഴക്ക് തൊട്ടേതെക്കടുത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകനാണ് വരൻ ശരത് ശശി.

ചേരാവള്ളിയിൽ വാടകവീട്ടിൽ താമസിക്കുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളാണ് അഞ്ജു. ശരത്തുമായി മകളുടെ വിവാഹം തീരുമാനിച്ചെങ്കിലും വിവാഹച്ചടങ്ങിന് പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു ബിന്ദു. ഇതേത്തുടർന്നാണ് സഹായം ആവശ്യപ്പെട്ട് ജമാ അത്ത് കമ്മിറ്റിക്ക്‌ അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച് ജമാ അത്ത് കമ്മിറ്റി അഞ്ജുവിന്റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുക്കുകയായിരുന്നു. പള്ളിയങ്കണത്തിൽ പ്രത്യേകം ഒരുക്കിയ പന്തലിലായിരുന്നു വിവാഹം. ശിവൻ ആചാരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. കോട്ടാമൽ മുത്താരമ്മൻ കോവിൽ മേൽശാന്തി രംഗസ്വാമി, ചേരാവള്ളി ജമാ അത്ത് പള്ളി ഇമാം റിയാസ് ബീൻ ഫൈസി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. എ.എം.ആരിഫ് എം.പി., ഡി.സി.സി.പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി. ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശ്, കൊല്ലം ജില്ലാ ജഡ്ജി എസ്.എച്ച്.പഞ്ചാപകേശൻ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ആർ.ഗിരിജ, സപ്താഹയജ്ഞാചാര്യൻ പള്ളിക്കൽ സുനിൽ, ചുനക്കര ജനാർദനൻ നായർ, കെ.ജലാലുദ്ദീൻ മൗലവി തുടങ്ങിയവർ ആശംസകൾ നേർന്നു.

ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് മജീദ്കുട്ടി, സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പങ്കെടുത്തവർ സദ്യ കഴിച്ചാണ് മടങ്ങിയത്. സ്നേഹവും മനുഷ്യത്വവും ആണ് യഥാർഥ മതവും ഈശ്വരസന്ദേശവും എന്ന് ഉയർത്തിക്കാട്ടുകയായിരുന്നു ചേരാവള്ളി മുസ്‌ലിം ജമാ അത്ത് കമ്മിറ്റി ഇതിലൂടെ.

content highlights; hindu couple get marries at muslim jamaaat in cheravally