സീതത്തോട്(പത്തനംതിട്ട): സംസ്ഥാനത്തെ വൈദ്യുതി പദ്ധതികളുടെ സംഭരണികളിലെ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോടടുത്ത് വെള്ളം സംഭരണികളിലുണ്ട്. കനത്ത മഴ തുടരുന്നതിനാൽ ഇടുക്കിയും ശബരിഗിരിയും ഉൾപ്പെടെ പ്രധാന പദ്ധതികളിലെല്ലാം നീരൊഴുക്കിൽ വലിയ വർധനയാണുള്ളത്.

വെള്ളിയാഴ്ചത്തെ കണക്കുകൾപ്രകാരം സംസ്ഥാനത്തെ സംഭരണികളിലെല്ലാംകൂടി 25 ശതമാനം വെള്ളമുണ്ട്. കൂടുതൽ വെള്ളമുള്ളത് ഇടുക്കിയിലാണ്. നീരൊഴുക്കിലും കൂടുതൽ വർധന ഇവിടെയാണ്. 1040 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം സംസ്ഥാനത്തുണ്ട്.

കഴിഞ്ഞവർഷം ഇതേ സമയം 605 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമേ ഉണ്ടായിരുന്നുള്ളൂ. പ്രധാന പദ്ധതിയായ ഇടുക്കിയിൽ 35 ശതമാനം വെള്ളമുണ്ട്. അതേസമയം, രണ്ടാമത്തെ വലിയ പദ്ധതിയായ ശബിരിഗിരിയിൽ 12 ശതമാനം വെള്ളമേയുള്ളൂ. ഇവിടെ ആനത്തോട് ഡാമിന്റെ ബലപ്പെടുത്തൽ ജോലികൾ നടക്കുന്നതിനാൽ സംഭരണികളിൽ ജലനിരപ്പ് കുറച്ചിരുന്നു.

മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും കുറവുണ്ട്. കഴിഞ്ഞ ദിവസം 66 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. ഇതിൽ 48 ദശലക്ഷം യൂണിറ്റ് മാത്രമാണ് പുറത്തുനിന്ന് വാങ്ങിയത്.

Content Highlights; highest water level in reservoirs