സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും നിശ്ചിതകാല കരാർവ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കാനുള്ള നിർദേശവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. അഞ്ചുവർഷത്തെ കരാറിൽ (ടെന്യുർ ട്രാക്ക്) അധ്യാപക നിയമനം നടത്തണമെന്ന നിർദേശമാണ് ആസൂത്രണ ബോർഡിന് മുമ്പാകെ വെച്ചത്. അടുത്ത വാർഷിക പദ്ധതിക്കായി സമർപ്പിച്ച ശുപാർശയിലാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ തൊഴിൽസംസ്കാരത്തെത്തന്നെ മാറ്റിമറിക്കാവുന്ന നിർദേശം.

സംസ്ഥാനത്തെ സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലുമായി ആയിരത്തിൽപ്പരം അധ്യാപക ഒഴിവുകളുണ്ട്. അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ സർവകലാശാലകളിലും രണ്ട് കോഴ്‌സ് വീതമെങ്കിലും അനുവദിക്കാനും സർക്കാർ ഉദ്ദേശിക്കുന്നു. കോളേജുകളിലും പുതിയ കോഴ്‌സുകൾ തുടങ്ങും. ആധുനിക രീതിയിലുള്ള കോഴ്‌സുകൾ കൂടുതലായി തുടങ്ങിയാലേ വ്യവസായ, വാണിജ്യ മേഖലയിലും മറ്റും ആവശ്യമുള്ള തൊഴിൽയോഗ്യത ചെറുപ്പക്കാർക്ക് നേടാനാകൂവെന്നതിന്റെ അടിസ്ഥാനത്തിലാണിത്.

ഈ സാഹചര്യത്തിൽ സ്ഥിരം ഒഴിവ് കണക്കാക്കി നിയമനം നടത്താനുള്ള സാമ്പത്തികശേഷി സർക്കാരിനില്ല. അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ‘നാക്’ അക്രഡിറ്റേഷനെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിംവർക്കിന്റെ റാങ്കിങ്ങിനെയും ബാധിക്കും. സംസ്ഥാനത്തെ പല സർവകലാശാലകളും അക്രഡിറ്റേഷനിലും റാങ്കിങ്ങിലും പിന്നിലായത് അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാലാണ്.

ശന്പളം യു.ജി.സി. നിരക്കിൽ

ടെന്യുർ ട്രാക്ക് നിയമനം യു.ജി.സി. സ്ഥിരനിയമനമായി അംഗീകരിക്കും. കരാർ അഞ്ചുവർഷത്തേക്കാണ്. ശമ്പളം യു.ജി.സി.നിരക്കിൽ നൽകണമെങ്കിലും പെൻഷനടക്കമുള്ള ദീർഘകാല ബാധ്യതയിൽ സർക്കാരിന് ഇളവ് ലഭിക്കും. അഞ്ചുവർഷത്തെ സേവനം വിലയിരുത്തി തുടർന്ന് നിലനിർത്തണോയെന്ന് തീരുമാനിക്കാം.

അഞ്ചുവർഷത്തേക്കുള്ള സ്ഥിരതമാത്രമേ ഈ നിയമനം നൽകൂവെന്നതാണ് പ്രധാന വിമർശനം. അക്കാദമിക മേഖലയിൽ രാഷ്ട്രീയാതിപ്രസരമുള്ളതിനാൽ അത്തരം പരിഗണനകളും അധ്യാപകന്റെ ഭാവിയെ സ്വാധീനിക്കുമെന്നതും എതിർപ്പിന് മറ്റൊരു കാരണമാണ്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിലടക്കം ഈ മാതൃക നടപ്പായിക്കഴിഞ്ഞു.

മലയാളം സർവകലാശാല, എ.പി.ജെ. അബ്ദുൽകലാം സാങ്കേതികശാസ്ത്ര സർവകലാശാല എന്നിവയ്ക്ക് ആസ്ഥാനത്തിനായി സ്ഥലം വാങ്ങാനുള്ള നിർദേശം ഉന്നതവിദ്യാഭ്യാസവകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഗവേഷണ മേഖലയിലുള്ളവർ വാണിജ്യമേഖലയുമായും നാടുമായും ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള നിർദേശങ്ങളും വാർഷിക പദ്ധതിയിൽ ഉൾപ്പെടും.