കൊച്ചി: സംസ്ഥാനത്ത് മിന്നൽ ഹർത്താൽ നടത്തരുതെന്ന് ഹൈക്കോടതി. നിയമവിരുദ്ധവും ഭരണഘടനയുടെ അന്തസ്സത്തയ്ക്കെതിരുമാണെന്ന്‌ വിലയിരുത്തിയാണ് നടപടി. അത്തരം പ്രതിഷേധത്തിന് ഏഴുദിവസംമുമ്പ് നോട്ടീസ് നൽകണമെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.

അതിനകം ഹർത്താലിനോട് എതിർപ്പുള്ളവർക്ക് അനുകൂല ഉത്തരവിനായി കോടതിയെ സമീപിക്കാം. പൗരന്റെ സുരക്ഷയ്ക്കുള്ള നടപടിയെടുക്കാനുള്ള സാവകാശം സർക്കാരിനും ഇതിലൂടെ ലഭിക്കും.

മിന്നൽ ഹർത്താൽ ആഹ്വാനം ചെയ്യുന്നവർ അതുമൂലമുള്ള പൊതുനഷ്ടത്തിന് ഉത്തരവാദികളാവുമെന്ന് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുമുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോടതിവിധി ലംഘിച്ചാണ് ഹർത്താലെങ്കിൽ അതിന്റെ പേരിലുള്ള നടപടിയും നേരിടേണ്ടിവരും.

ഹർത്താൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും മലയാളവേദിക്കുവേണ്ടി തൃശ്ശൂരിലെ ജോർജ് വട്ടുകുളവും നൽകിയ ഹർജി പരിഗണിച്ചാണിത്. ഇവ മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

ഹർത്താൽമൂലം അസംഘടിതതൊഴിലാളികളുടെ മൗലികാവകാശം ലംഘിക്കപ്പെടരുത്. അനുഭാവമില്ലാത്തവരുടെ ജീവനോപാധിക്കുൾപ്പെടെയുള്ള അവകാശം ഹനിക്കുന്നത് അനുവദിക്കാനാവില്ല. വ്യവസായ തർക്കനിയമത്തിലുള്ളതുപോലെ നോട്ടീസോടെയേ ഹർത്താലോ പണിമുടക്കോ നടത്താവൂ.

ഹർത്താലും പൊതുപണിമുടക്കും നിയന്ത്രിക്കാൻ നിയമനിർമാണം ആവശ്യമാണെന്ന് കോടതികൾ നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതില്ലാത്തതിനാൽ ഇടക്കാല ഉത്തരവിറക്കുകയാണ് -കോടതി വ്യക്തമാക്കി.

പൊതുപണിമുടക്കിലും ഹർത്താലിലും അതിനെ അനുകൂലിക്കാത്തവരുടെ സുരക്ഷ കളക്ടർ ഉറപ്പാക്കണം. പരീക്ഷ എഴുതാനുൾപ്പെടെ വിദ്യാർഥികളുടെ അവകാശവും പ്രധാനമാണ്. കടയടപ്പിക്കലും അതിക്രമവും ഭയന്ന് സാധാരണക്കാർക്ക് വീട്ടിലിരിക്കേണ്ടിവരുന്നു. സംസ്ഥാനത്താകെ ഭീതിയുടെ അന്തരീക്ഷമുണ്ടാകുകയാണ്. കട നടത്തുന്നവർക്ക് അവ തുറക്കാനാവുന്നില്ല. രണ്ടുദിവസത്തെ പൊതുപണിമുടക്കു പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ ചില നിർദേശങ്ങൾ നൽകേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

പ്രതിഷേധം സ്വാതന്ത്ര്യത്തെ ഹനിച്ചാകരുത്

bbഏതൊരാൾക്കും സംഘടനയ്ക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നത് ശരിയാണ്. എന്നാൽ, അത് മറ്റുപൗരന്മാരുടെ ജീവിക്കാനും ഉപജീവനത്തിനും സഞ്ചരിക്കാനും ജോലിചെയ്യാനുമുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുംവിധമാകരുത്. സാധാരണപൗരന് ജീവിക്കാനും ജീവനോപാധിക്കുമുള്ള അവകാശം ഹർത്താലിലൂടെ പ്രതിഷേധിക്കാനുള്ള അവകാശത്തേക്കാൾ പ്രധാനമാണ്

-െെഹക്കോടതി