കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരേ എം.പി.മാരായ ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എന്നിവർ നൽകിയ ഹർജിയിൽ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം തേടി. ഹർജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുൺ ദ്വീപിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ലേയെന്ന് വാക്കാൽ ചോദിച്ചു. ചിലർക്കുമാത്രം അനുമതി നൽകുകയും എം.പി.മാർക്ക് അനുമതി നിഷേധിക്കുകയും ചെയ്യുന്നതു ശരിയല്ലെന്നും അഭിപ്രായപ്പെട്ടു. വിശദീകരണത്തിന് ലക്ഷദ്വീപ് ഭരണകൂടം സമയം തേടിയതിനെത്തുടർന്ന് ഹർജി ജൂൺ 23-ന്‌ പരിഗണിക്കാൻ മാറ്റി.

ലക്ഷദ്വീപിലെ പുതിയ പരിഷ്കാരങ്ങളെത്തുടർന്ന് ദുരിതമനുഭവിക്കുന്നവരെ നേരിട്ടു കാണാനും പ്രശ്നങ്ങൾ കേൾക്കാനുമാണ് എം.പി.മാർ അവിടേക്ക് പോകാൻ അപേക്ഷ നൽകിയത്. എന്നാൽ, ദ്വീപിൽ കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ ഏഴു ദിവസം ക്വാറന്റീനിൽ കഴിയേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചെന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ, അപേക്ഷ നിരസിച്ചിട്ടില്ലെന്നും സന്ദർശനം നീട്ടിവെക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ അഭിഭാഷകൻ വിശദീകരിച്ചു.