കൊച്ചി: സംരക്ഷകനായി ചമഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്‌ ഹൈക്കോടതി ഐ.പി.സി. സെക്ഷൻ 376 (1) വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെ പ്രായം കൃത്യമായി തെളിയിക്കാനാകാത്തതിനാൽ പോക്‌സോ നിയമ പ്രകാരം വിചാരണക്കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സിയാദ് റഹ്മാനും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മഞ്ചേരി പോക്‌സോ കോടതി പോക്‌സോ നിയമപ്രകാരം ജീവപര്യന്തം ശിക്ഷിച്ചതിനെതിരേ വേട്ടേക്കോട് കുഴിയേക്കൽ വീട്ടിൽ മധുവാണ് (36) ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

പ്രായം കൃത്യമായി തെളിയിക്കാനാകാത്തതിനാൽ പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെങ്കിലും പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി എന്നതിന് തെളിവുണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

പോക്സോ കോടതി ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും നിർദേശിച്ചിരുന്നു.

ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെയും അവരുടെ മൂന്നു മക്കളെയും ക്ഷേത്രത്തിൽ പൂജാരിയായിരുന്ന പ്രതി സംരക്ഷിക്കാനായി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഇവരുടെ മൂത്ത മകളെ തുടർച്ചയായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. സഹോദരങ്ങളുടെ മുന്നിൽ വെച്ചും പെൺകുട്ടി പീഡനത്തിന് ഇരയായി. ഇത്തരമൊരു പൂജാരിയുടെ പ്രാർത്ഥന എങ്ങനെയാണ് ദൈവം കേൾക്കുകയെന്ന അദ്‌ഭുതവും കോടതി പ്രകടിപ്പിച്ചു.

ഇരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പെൺകുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു.

പെൺകുട്ടിയുടെ മൊഴി വിശ്വാസിക്കാനാകില്ലെന്നും പോക്‌സോ ആക്ട് നിലവിൽ വരുന്ന 2012 നവംബർ 14-നു മുൻപാണ് ആരോപണ വിധേയമായ സംഭവം നടന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ.

നിരന്തം പീഡനത്തിന് ഇരയായ പെൺകുട്ടിയെയും രണ്ട് സഹോദരങ്ങളെയും പ്രതിയുടെ മകനെയും മാനസിക നില തെറ്റിയ അമ്മയെയും പോലീസാണ് രക്ഷിക്കുന്നത്. പീഡനം സഹിക്കാനാകാതെ ഇവർ വീട് വിട്ടിറങ്ങുകയായിരുന്നു.

ഇരയായ പെൺകുട്ടിയുടെ മൊഴി വിശ്വസിക്കാവുന്നതാണെന്ന് കോടതി വിലയിരുത്തി. ഭക്ഷണമോ താമസിക്കാൻ സ്ഥലമോ ഇല്ലാതെ മൂന്നു കുട്ടികളുമായി ഉപേക്ഷിക്കപ്പെട്ട സ്ത്രീയുടെ മാനസിക നില മനസ്സിലാക്കാവുന്നതേയുള്ളു. ഭക്ഷണത്തിനും താമസ സ്ഥലത്തിനുമായാണ് കുട്ടികൾ ശാരീരികവും മാനസികവും ലൈംഗികവുമായി അതിക്രമത്തിന് ഇരയായത്. സമൂഹത്തിനാകെ നാണക്കേടാണിതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ഒരമ്മയ്ക്കും സ്വബോധത്തോടെ ഇരിക്കാനാകില്ല.

ഇരയായ പെൺകുട്ടിയുടെ മൊഴിയെ സാധൂകരിക്കുന്ന മൊഴിയാണ് ബലാൽസംഗത്തിന് സാക്ഷിയാകേണ്ടി വന്ന സഹോദരന്റെ മൊഴിയും.

പെൺകുട്ടി പീഡനത്തിന് ഇരയായി എന്നതിന് മെഡിക്കൽ തെളിവുകളും ഉണ്ട്. പ്രായം തെളിയിക്കാനായില്ലെങ്കിലും പെൺകുട്ടി സ്‌കൂൾ വിദ്യാർഥിനിയായിരുന്നു. രക്ഷാകർത്താവിന്റെ ചുമതലയുണ്ടായിരുന്നയാളാണ് പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കിയതെന്നും കോടതി വിലയിരുത്തി.