കൊച്ചി: അപൂർവരോഗങ്ങളുടെ ചികിത്സയ്ക്കായി ഫണ്ട് കണ്ടെത്താൻ സർക്കാർ നിയന്ത്രണത്തിൽ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ് ഫോം സാധ്യമാണോയെന്ന് ആരാഞ്ഞ് ഹൈക്കോടതി.

സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവരോഗം ബാധിച്ച് കഴിഞ്ഞദിവസം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ച ഇമ്രാൻ മുഹമ്മദിന്റെ ചികിത്സയ്ക്ക് സഹായംതേടി പിതാവ് ആരിഫ് ഫയൽ ചെയ്ത ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ഇക്കാര്യം ആരാഞ്ഞത്.

അപൂർവ ജനിതകരോഗങ്ങൾ ബാധിച്ചവരുടെ ചികിത്സയുടെ കാര്യത്തിൽ ഫലപ്രദമായ നടപടിയുണ്ടാകുന്നില്ല. ഇതിനായി രൂപവത്കരിച്ച പ്രത്യേക അക്കൗണ്ടിലേക്ക് സർക്കാർ വിഹിതമായ 50 ലക്ഷംപോലും ഇതുവരെ കൈമാറിയിട്ടില്ല. നികുതിയിളവ് ലഭിക്കാത്തതിനാൽ സി.എസ്.ആർ. ഫണ്ട് നൽകാൻ കമ്പനികളും തയ്യാറല്ല. അതിനാലാണ് സർക്കാർ നിയന്ത്രണമുള്ള ക്രൗഡ് ഫണ്ടിങ് പ്ലാറ്റ് ഫോം എന്ന നിർദേശം മുന്നോട്ടുവെക്കുന്നത്.

ഇമ്രാനുവേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക ഇനി എന്തുചെയ്യാനാകുമെന്നും കോടതി തിരക്കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ചികിത്സാ സഹായസമിതി ചെയർമാൻ മഞ്ഞളാംകുഴി അലി എം.എൽ.എ.യെയും കേസിൽ കക്ഷിചേർത്തു.

കേന്ദ്രസർക്കാർ രൂപവത്കരിച്ച പദ്ധതിപ്രകാരമാണ് അപൂർവരോഗം ബാധിച്ചവരുടെ ചികിത്സ നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലടക്കം ഇതെങ്ങനെയാണു നടക്കുന്നത് എന്നടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ കേന്ദ്രസർക്കാരിനോടു നിർദേശിച്ചു. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ് ഫോമിനെ സംബന്ധിച്ച് സംസ്ഥാന സർക്കാരും റിപ്പോർട്ട് നൽകണം. ഹർജി രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.