കൊച്ചി: പട്ടയഭൂമിയിൽനിന്ന് മരം മുറിച്ചുകടത്തിയ കേസന്വേഷണത്തിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. പ്രതികളിൽ മിക്കവർക്കെതിരേയും ദുർബല വകുപ്പുകൾ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നതെന്ന് അറിയിച്ചതാണ് വിമർശനത്തിന് കാരണമായത്. മരം മുറിച്ചതുമായി ബന്ധപ്പെട്ട് വനംവകുപ്പ് 570 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അതിൽ 68 കേസുകളിലാണ് ഐ.പി.സി. പ്രകാരം കേസെടുത്തിരിക്കുന്നതെന്നുമാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.യുടെ വിശദീകരണത്തിൽ പറയുന്നത്. എന്തുകൊണ്ട് മറ്റുകേസുകളിൽ ഐ.പി.സി. പ്രകാരം കേസെടുത്തില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. വനംവകുപ്പ് ജാമ്യംകിട്ടുന്ന വകുപ്പുകൾ പ്രകാരമാണ് പ്രതികളുടെ പേരിൽ കേസെടുത്തിരിക്കുന്നത്.

പട്ടയഭൂമി, വനം, പുറമ്പോക്ക് ഭൂമി എന്നിവിടങ്ങളിൽനിന്ന് മുറിച്ച മരങ്ങളെ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകം നൽകണമെന്ന് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. കളക്ടർമാരുടെ റിപ്പോർട്ട് ലഭിക്കാത്തതിനാൽ തരം തിരിച്ചുള്ള റിപ്പോർട്ട് നൽകാൻ സർക്കാർ സമയം തേടി. സർക്കാർ നൽകിയ വിശദീകരണം പരിശോധിച്ച് മറുപടി വിശദീകരണം ഫയൽ ചെയ്യാൻ ഹർജിക്കാരന്റെ അഭിഭാഷകനോട് കോടതി നിർദേശിച്ചു. ഹർജി ഓഗസ്റ്റ് ഒമ്പതിന് വീണ്ടും പരിഗണിക്കും.

മുട്ടിൽ മരംമുറിയടക്കമുള്ള കേസുകൾ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശി ജോർജ് വട്ടുകുളം നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജി കഴിഞ്ഞയാഴ്ച പരിഗണിച്ചപ്പോൾ എന്തുകൊണ്ടാണ് ഇതുവരെ പ്രതികളെ അറസ്റ്റുചെയ്യാത്തതെന്ന് കോടതി ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുട്ടിൽ മരംമുറിക്കേസിലെ പ്രതികളെ അറസ്റ്റുചെയ്തത്.