കൊച്ചി: എം.ബി.ബി.എസി.ന്റെ രണ്ടാംവർഷ ക്ലാസുകൾ നടക്കുമ്പോൾ മൂന്നാംവർഷത്തെ ഫീസ് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. രണ്ടാംവർഷ ക്ലാസ് നടക്കുന്നതിനിടയിൽ മൂന്നാംവർഷ ഫീസ് അടയ്ക്കണമെന്ന സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജുമെന്റുകളുടെ ആവശ്യത്തിനെതിരേ ഒരുകൂട്ടം വിദ്യാർഥികൾ ഫയൽചെയ്ത ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

2019-2020 അക്കാദമിക് വർഷം എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച വിദ്യാർഥികളോടൊണ് രണ്ടാംവർഷ ക്ലാസ് നടക്കുന്നതനിടെയിൽ മൂന്നാംവർഷ ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടത്. ഇതിനെയാണ് കോടതിയിൽ ചോദ്യംചെയ്തത്.

കോവിഡ് ലോക്ഡൗണിനെ തുടർന്ന് രണ്ടാംവർഷ ക്ലാസ് മുടങ്ങിയിരുന്നു. അതിനാൽ, മൂന്നാംവർഷമാണ് രണ്ടാംവർഷ ക്ലാസ്‌ നടക്കുന്നത്. ഇതിനിടയിലായിരുന്നു മൂന്നാംവർഷ ഫീസ് അടയ്ക്കണമെന്ന് മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടത്.

ഇത്തരത്തിൽ ഫീസ് ഈടാക്കുന്നത് തെറ്റും അധാർമികവുമാണെന്ന് കോടതി വിലയിരുത്തി.

അതത് അക്കാദമിക് വർഷത്തെ ഫീസാണ് ഈടാക്കേണ്ടതെന്ന് സുപ്രിംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ കോളേജ് മാനേജുമെന്റുകൾ ഇത്തരത്തിൽ ഫീസ് ആവശ്യപ്പെടരുതെന്നും കോടതി നിർദേശിച്ചു.

content highlights: high court on mbbs fee