കൊച്ചി: തൃശ്ശൂർ കുതിരാനിലെ തുരങ്കപാത നിർമാണത്തിലെ അനാസ്ഥയിൽ ദേശീയപാത അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി. തുരങ്കപാതയുടെ കാര്യത്തിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാൻ ജസ്റ്റിസ് പി.വി. ആശ ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെട്ടു. ദേശീയപാതാ അതോറിറ്റി സമയം തേടിയെങ്കിലും ബുധനാഴ്ച തന്നെ വിശദീകരണം വേണമെന്നും കോടതി നിർദേശിച്ചു.

കുതിരാനിലെ ഇരട്ട തുരങ്കപാതകളിൽ ഒന്നെങ്കിലും പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് നിയമസഭ ചീഫ് വിപ്പ് കെ. രാജൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞയാഴ്ച ഹർജി പരിഗണിച്ച കോടതി ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം തേടിയിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ വിശദീകരണം നൽകാതിരുന്നതാണ് കോടതിയുടെ വിമർശനത്തിന് കാരണമായത്. ഗൗരവതരമായ വിഷയത്തെ നിസ്സാരമായി കാണാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അതോറിറ്റിയുടെ അനാസ്ഥയും പിടിപ്പുകേടും മൂലം ജനമാണ് വലയുന്നത്.

നിർമാണം പൂർത്തിയാക്കാൻ ദേശീയപാതാ അതോറിറ്റിക്ക് എന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്നാണ് അറിയേണ്ടത്. ഇക്കാര്യത്തിൽ എന്തുചെയ്യാനാണ് അതോറിറ്റി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാനും കോടതി നിർദേശിച്ചു. കരാർ കമ്പനിയുമായി തർക്കങ്ങളുണ്ടെന്നും നിർമാണം നിലച്ച അവസ്ഥയിലാണെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. തുടർന്നാണ് ഇക്കാര്യങ്ങളിലെല്ലാം കോടതി വിശദീകരണം തേടിയത്. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ മൂലം ഗതാഗതക്കുരുക്കും അപകടവും വർധിച്ചെന്നും അടിയന്തരമായി നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. നിർമാണത്തിന് കോടതിയുടെ മേൽനോട്ടം ഉണ്ടാകണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ദേശീയപാത 47-ൽ മണ്ണുത്തി -വടക്കാഞ്ചേരി സെക്ടർ ആറു വരിയാക്കാനുള്ള കരാർ ഹൈദരാബാദ് ആസ്ഥാനമായ തൃശ്ശൂർ എക്സ്‌പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡിന് 2009 ഓഗസ്റ്റ് 24-ന് നൽകിയതാണ്. 11 വർഷം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയായിട്ടില്ല. നിർമാണം ഇഴയുന്നതിനെ സംബന്ധിച്ച് ‘മാതൃഭൂമി’യിൽ പ്രസിദ്ധീകരിച്ച വാർത്തകൾ അടക്കം ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

content highlights: high court on kuthiran tunnel