കൊച്ചി: തൊടുപുഴയിൽ അമ്മയെയും മകളെയും ബലാത്സംഗംചെയ്ത് കൊന്ന കേസിൽ ഒന്നാംപ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വണ്ടിപ്പെരിയാർ ചൂരക്കുളം പുതുവൽ തടത്തിൽ രാജേന്ദ്രന്റെ വധശിക്ഷയാണ് കോടതി അംഗീകരിച്ചത്.

2012-ൽ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷയ്ക്ക് ഹൈക്കോടതിയുടെ അംഗീകാരം തേടിയ ഹർജിയിലാണിത്. ഒളിവിലായിരുന്ന രണ്ടാംപ്രതി ജോമോന്റെ വിചാരണ നടക്കുകയാണ്.

2007 ഡിസംബർ രണ്ടിനാണ് പീരുമേട്ടിലെ വീട്ടിൽ അതിക്രമിച്ചുകയറി അമ്മയെയും മകളെയും പ്രതികൾ ബലാത്സംഗം ചെയ്തത്. കൊലപ്പെടുത്തിയശേഷവും പീഡിപ്പിച്ചെന്നും കേസുണ്ട്. 55 വയസ്സായിരുന്ന അമ്മയ്ക്ക് അസുഖം മൂലം നടക്കാനാകുമായിരുന്നില്ല. മകൾക്ക് ഏഴുമാസം പ്രായമുള്ള കുഞ്ഞുണ്ടായിരുന്നു.