കൊച്ചി: ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നേരെ അക്രമം ഉണ്ടായെന്ന പരാതിയുണ്ടെങ്കിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ഹൈക്കോടതി. സംസ്ഥാന പോലീസ് മേധാവി ഇക്കാര്യത്തിൽ എല്ലാ സ്റ്റേഷൻ ഹൗസ് ഒാഫീസർമാർക്കും നിർദേശം നൽകണം. സംസ്ഥാന പോലീസ് മേധാവിയെയും കക്ഷിചേർത്തുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കോവിഡ് ചികിത്സനിരക്ക് നിശ്ചയിച്ചതിനെതിരേ പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

2012-നുശേഷം ഇതുവരെ 278 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, പരാതി നൽകിയാലും പോലീസിന്റെ ഇടപെടൽ ഉണ്ടാകുമ്പോഴേക്കും വൈകുന്നുവെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷന്റെയും ഐ.എം.എ.യുടെയും അഭിഭാഷകർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഇക്കാര്യത്തിൽ കോടതി നിർദേശങ്ങൾ നൽകിയത്.

ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുമെതിരായ അക്രമം തടയുന്ന 2012-ലെ കേരള ഹെൽത്ത് കെയർ സർവീസ് പേഴ്സൺസ് ആൻഡ്‌ ഹെൽത്ത് കെയർ സർവീസസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ്‌ ഡാമേജ് ടു േപ്രാപ്പർട്ടി) ആക്ടിനെ സംബന്ധിച്ച് പൊതുജനങ്ങളിൽ ബോധവത്കരണമുണ്ടാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഈ ആക്ട് പ്രകാരം പ്രതികൾക്കെതിരേ ജാമ്യമില്ലാ കുറ്റംചുമത്താം. ഇക്കാര്യം വ്യക്തമാക്കി ആശുപത്രിയുടെ പരിസരത്ത് ബോർഡ് സ്ഥാപിക്കണം. പത്ര ദൃശ്യമാധ്യമങ്ങളിലൂടെ പ്രചാരവും നൽകണം. രണ്ടാഴ്ചയ്ക്കുശേഷം ഹർജി വീണ്ടും പരിഗണിക്കും.

അതിക്രമം തടയാൻ അടിയന്തരനടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദേശം നൽകിയതായി ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി. കോടതിയിൽ വിശദീകരണം നൽകി. 278 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 232 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. 28 കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നു. 18 എണ്ണം േകാടതിയിലടക്കം തീർപ്പായി. 536-ൽ 441 പ്രതികളെയും അറസ്റ്റുചെയ്തു. ഒളിവിലുള്ള 95 പേരെ പിടികൂടാൻ ശ്രമം നടക്കുന്നു.