കൊച്ചി: സ്വാശ്രയ എൻജിനീയറിങ് കോളേജിൽനിന്ന് നിശ്ചിതസമയത്തിനകം വിട്ടുപോകുന്നവരിൽനിന്ന് കോഴ്‌സിന്റെ ഫീസ് മുഴുവനായി ഈടാക്കുന്നുണ്ടെങ്കിൽ തടയാൻ നടപടിവേണമെന്ന് ഹൈക്കോടതി.

ചൂഷണം തടയണമെന്ന സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ 2006-ൽ നിയമനിർമാണം നടത്തുകയും പ്രവേശന മേൽനോട്ടത്തിനും ഫീസ് നിയന്ത്രണത്തിനും സമിതിയുമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ചൂഷണമുണ്ടെങ്കിൽ തടയാൻ സർക്കാർ നടപടിയെടുക്കണമെന്നാണ് കോടതിയുടെ നിരീക്ഷണം.

2013-ൽ സ്വശ്രയ എൻജിനീയറിങ് കോളേജിൽ പ്രവേശനം നേടിയ ഉടൻ ഭോപാൽ ഐസറിൽ അവസരം ലഭിച്ച വിദ്യാർഥി സിദ്ധാർഥിന്റെ അച്ഛൻ തുളസീധരൻ നായരുടെ ഹർജി അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 2013 ജൂലായ് അഞ്ചിനാണ് വിദ്യാർഥി നെടുമങ്ങാട് മോഹൻദാസ് എൻജിനീയറിങ് കോളേജിൽ പ്രവേശനംനേടിയത്. പിന്നീട് സ്കോളർഷിപ്പോടെ ദേശീയ ശാസ്ത്രപഠന, ഗവേഷണ സ്ഥാപനമായ ഐസറിൽ (ഐ.ഐ.എസ്.ഇ.ആർ.) പഞ്ചവത്സര ശാസ്ത്ര കോഴ്‌സിന് ചേരാൻ അവസരം ലഭിച്ചു.

അവിടെ ചേരാൻ ടി.സി.യും പ്രവേശനസമയത്ത് നൽകിയ രേഖകളും തിരികെക്കിട്ടാൻ വിദ്യാർഥി ജൂലായ് 22-ന് അപേക്ഷ നൽകി. എൻജിനീയറിങ് പ്രവേശനത്തിനുള്ള അവസാനത്തീയതി ജൂലായ് 15 ആയിരുന്നെന്നും അതിനുശേഷം വിടുന്നതിനാൽ 2.60 ലക്ഷം രൂപ അടയ്ക്കണമെന്നും കോളേജ് അധികൃതർ അറിയിച്ചു.

മറ്റുമാർഗമില്ലാതെ ഹർജിക്കാരൻ തുകയടച്ച് ടി.സി.യും രേഖകളും മടക്കിവാങ്ങി ഐസറിൽ പ്രവേശനം നേടി. അടച്ച 2.60 ലക്ഷം രൂപ തിരികെക്കിട്ടാൻ പ്രവേശനമേൽനോട്ട സമിതിയിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചു.

40,000 രൂപ വർഷഫീസ് കണക്കാക്കി നാലുകൊല്ലത്തെ ഫീസിനത്തിൽ വിദ്യാർഥി 1.60 ലക്ഷം രൂപ അടച്ചാൽമതിയെന്നായിരുന്നു പ്രവേശന മേൽനോട്ടസമിതിയുടെ നിർദേശം.

എന്നാൽ ആ വർഷത്തെ പ്രവേശനം സുപ്രീംകോടതിയുടെ നിർദേശപ്രകാരം സർക്കാർ 2013 ഓഗസ്റ്റ് 15 വരെ നീട്ടിയിരുന്നെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥി 1.60 ലക്ഷംരൂപ നൽകണമെന്ന പ്രവേശനമേൽനോട്ടസമിതിയുെട ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കോളേജധികൃതർ വിദ്യാർഥിക്ക് തുക തിരികെ നൽകാനാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളിൽ പ്രവേശനം കിട്ടുന്നവർ കൂടുതൽ നല്ല കോഴ്‌സിന് യോഗ്യതനേടുമ്പോൾ സ്ഥാപനങ്ങൾ അവരെ ബന്ദിയാക്കുന്ന രീതിയുണ്ടെന്ന് കോടതി വിലയിരുത്തി. അത് ശരിയായ പ്രവണതയല്ല. പ്രവേശനത്തിനുള്ള അവസാനത്തീയതിക്കുമുമ്പ് കോളേജ് വിടാനാഗ്രഹിക്കുന്നവർ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണം. ഇല്ലെങ്കിൽ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും കോളേജിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടിവരും; പിന്നീട് ഏറെക്കാലം വ്യവഹാരം നടത്തേണ്ട അവസ്ഥയാവുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Content Highlights: high court instruction regarding self finance college