കൊച്ചി: വ്യാജ പോക്സോ കേസുകളിൽ പ്രതിയാക്കപ്പെടുന്നവരാണ് ഇത്തരം കേസുകളിലെ യഥാർഥ ഇരയെന്ന് ഹൈക്കോടതി. ഇത് അന്വേഷണോദ്യോഗസ്ഥരും പ്രോസിക്യൂട്ടർമാരും മനസ്സിലാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ കോടതിയെയും പ്രോസിക്യൂഷനെയും അലോസരപ്പെടുത്തുന്നുണ്ടെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചൂണ്ടിക്കാട്ടി.
പോലീസ് പൊലിപ്പിച്ച വ്യാജ പോക്സോ കേസിലെ പ്രതി കോട്ടയം അയർക്കുന്നം സ്വദേശി രാംലാലിനെതിരായ കേസും കുറ്റപത്രവും കോടതി റദ്ദാക്കി. കുട്ടിയുടെ ആദ്യമൊഴിയനുസരിച്ച് കേസ് നിലനിൽക്കില്ലെന്ന് വ്യക്തമായപ്പോൾ പോലീസ് കേസ് പൊലിപ്പിച്ചു. ഇത് നിയമപരമായി നിലനിൽക്കില്ല.
13 വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിനി നൽകിയ പരാതിയാണ് കേസിനടിസ്ഥാനം. 2018 ഓഗസ്റ്റ് 14-നാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വാൻ ഓപ്പറേറ്ററായിരുന്നു ഹർജിക്കാരൻ. സ്കൂളിൽനിന്ന് വീട്ടിലേക്കു വാനിൽ വരുമ്പോൾ തോളുകൊണ്ട് കൈയിൽ ഇടിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.
പാമ്പാടി പോലീസ് കേസ് രജിസ്റ്റർചെയ്തു. തോളുകൊണ്ട് ഇടിച്ചപ്പോൾ മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. അയാൾ മറ്റൊരു സീറ്റിലേക്ക് മാറിയെന്നും പെൺകുട്ടിയുടെ ആദ്യമൊഴിയിലുണ്ട്.
കുറ്റപത്രത്തിന്റെ ഘട്ടത്തിലേക്കെത്തിയപ്പോൾ ആദ്യം പറഞ്ഞതിൽനിന്ന് വലിയ മാറ്റംവരുത്തി. സ്വന്തം ഇഷ്ടപ്രകാരമാണോ ഇങ്ങനെ മൊഴി നൽകിയതെന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോൾ പാമ്പാടി സ്റ്റേഷനിലെ പോലീസ് ഓഫീസറാണ് ഇങ്ങനെ പഠിപ്പിച്ചതെന്ന് കുട്ടി പറഞ്ഞു. മജിസ്ട്രേറ്റിനുമുന്നിൽ സത്യസന്ധമായി ഇക്കാര്യം പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Content Highlights: High court express concern over fake pocso cases