കൊച്ചി: ലഹരി ഉപയോഗം ചെറുക്കാൻ കാമ്പസ് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കാമ്പസിൽ പരിശോധന നടത്താൻ നിലവിലെ പോലീസ് സംവിധാനത്തിനു ബുദ്ധിമുട്ടായതിനാലാണ് നിർദേശം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൻ.ഡി.പി.എസ്. ആക്ട് നടപ്പാക്കുന്നത് എളുപ്പമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ലഹരിമരുന്നുപയോഗം വ്യക്തികൾക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന എൻ. രാമചന്ദ്രൻ എഴുതിയ കത്ത് പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കിയാണിത്.

ഹയർ സെക്കൻഡറി സിലബസിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ വിശദീകരിക്കുന്ന പാഠഭാഗങ്ങൾ നിർബന്ധമായി ഉൾപ്പെടുത്തണം. ലഹരി ഉപയോഗം ചെറുക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറി മൂന്നുമാസം കൂടുമ്പോൾ കോടതിക്ക് റിപ്പോർട്ട് നൽകണം. നിർദേശങ്ങൾ നടപ്പാക്കിയതിനെക്കുറിച്ച് അറിയിക്കാൻ ഹർജി മൂന്നുമാസത്തിനുശേഷം വീണ്ടും ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിയോടു നിർദേശിച്ചു.

ആവശ്യമായ നടപടി സ്വീകരിക്കാൻ ഉത്തരവ് ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും നിർദേശിച്ചു. ലഹരി ഉപയോഗം തടയാൻ സ്പെഷ്യൽ ബ്രാഞ്ച് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ വിശദമായ പഠനം നടത്തി നിയമപരമായ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും കോടതി വിലയിരുത്തി.

കോടതിയുടെ നിർദേശങ്ങൾ

* പോലീസ്, എക്‌സൈസ്, ആരോഗ്യം, നിയമം, വിദ്യാഭ്യാസം, സാമൂഹിക നീതി, മാനസികാരോഗ്യ വിഭാഗം എന്നിവരുടെ സംയുക്ത യോഗം വിളിക്കണം

* വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരിമുക്തമാക്കാൻ സർവകലാശാലകൾ, കോളേജുകൾ, സ്കൂളുകൾ എന്നിവയ്ക്കായി പ്രത്യേകം മാർഗനിർദേശങ്ങൾ നൽകണം.

* ബോധവത്കരണത്തിനായി സ്റ്റുഡന്റ്‌ പോലീസ്, എൻ.സി.സി., എൻ.എസ്.എസ്. എന്നിവയെ ഉപയോഗിക്കണം.

* കാമ്പസുകൾ ലഹരിമുക്തമാക്കാൻ പോലീസ് പ്രത്യേക പരിപാടികൾക്കു രൂപംനൽകണം.

* ലഹരിക്ക് അടിമയായവരെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ പോലീസ് കൗൺസലിങ്ങും പുനരധിവാസ സംവിധാനങ്ങളും നടപ്പാക്കണം.

Content Highlights: High court directs govt to set up campus police in On campuses