കൊച്ചി: ഒരു വിഭാഗം സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് ഫീസ് റെഗുലേറ്ററി കമ്മിറ്റി നിർണയിച്ച ഈ വർഷത്തെ മെഡിക്കൽ ഫീസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് കെ.എം.സി.ടി. അടക്കം 13 സ്വാശ്രയ മെഡിക്കൽ കോളേജുകൾ നൽകിയ ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മാനദണ്ഡങ്ങളും കോടതി ഉത്തരവുകളും പാലിച്ച് ഫീസ് ഒരു മാസത്തിനകം പുനർനിർണയിക്കണമെന്നും ജസ്റ്റിസ് എ.എം. ഷെഫീഖും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ആറുമുതൽ ഏഴരലക്ഷംവരെ ഫീസ് നിർണയിച്ച തീരുമാനത്തെയാണ് ഹർജിക്കാർ ചോദ്യംചെയ്തത്.
കോളേജുകളിൽനിന്ന് നൽകുന്ന വരവുചെലവ് കണക്കടക്കമുള്ള രേഖകൾ പരിശോധിച്ച് ജൂബിലി മിഷൻ കേസിലെ ഉത്തരവ് പരിഗണിച്ച് എതിർകക്ഷികളെക്കൂടി കേട്ടശേഷം ഒരു മാസത്തിനകം ഫീസ് പുനർനിർണയിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 25-നുമുമ്പ് ഫീസ് പുനർനിർണയവുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കണം.
സ്വശ്രയ മെഡിക്കൽ കോേളജുകൾ അവകാശപ്പെടുന്ന ഫീസ് പ്രവേശന പരീക്ഷാ കമ്മിഷണർ വെബ്സൈറ്റിലും ഓൺലൈൻ പോർട്ടലിലും ഉൾപ്പെടുത്തണമെന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ നേരത്തേ നിർദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളി.
content highlights: high court cancels medical fee decided by fee regulatory committee