കൊച്ചി: സ്‌കൂളുകളിലും കോളേജുകളിലും വിദ്യാർഥികൾ സമരവും ധർണയും ഘെരാവോയും പ്രകടനവും നടത്തുന്നത് ഹൈക്കോടതി വിലക്കി. വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നതൊന്നും കാമ്പസിൽ നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പോലീസിന്റെ കടമയാണെന്നും ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഉത്തരവിൽ പറയുന്നു.

വിദ്യാഭ്യാസം മൗലികാവകാശമാണ്. അതിന് തടസ്സമാകുന്നതെന്തും ഭരണഘടനാ വിരുദ്ധമാണ്. വിദ്യാർഥി സംഘടനാപ്രവർത്തനത്തിനെതിരേ വിവിധ മാനേജുമെന്റുകളും രക്ഷകർതൃ സംഘടനകളും സമർപ്പിച്ച 26-ഓളം ഹർജികളിലാണ് കോടതിയുടെ നിർണായക ഉത്തരവ്.

ഇക്കാര്യത്തിൽ നിർദേശംനൽകാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിവിധ സർവകലാശാല രജിസ്ട്രാർമാർ എന്നിവരെ കോടതി ചുമതലപ്പെടുത്തി. രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടാൽ കലാലയങ്ങൾക്ക് പോലീസ് സഹായം ലഭ്യമാക്കണമെന്ന് എല്ലാ പോലീസ് ഓഫീസർമാരെയും അറിയിക്കാൻ ഡി.ജി.പി.യോടും നിർദേശിച്ചു.

വിദ്യാർഥികൾക്ക് രാഷ്ട്രീയവിഷയങ്ങളിൽ അഭിപ്രായം പറയുന്നതിന് ഈ വിധി തടസ്സമാകുന്നില്ലെന്നും കോടതി വ്യക്തമാക്കി. വിദ്യാർഥി സംഘടനാപ്രവർത്തനം സ്‌കൂളുകളുടെ കാമ്പസിനുപുറത്തും കോളേജുകളിൽ കാമ്പസിനുള്ളിലും തടസ്സമാകുന്നുവെന്നായിരുന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്.

Content Highlights: High Court bans student strikes in school, college campuses