കൊച്ചി: വാളയാറിൽ പീഡിപ്പിക്കപ്പെട്ട രണ്ട്‌ പെൺകുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച കേസ്‌ സി.ബി.ഐ. ഉടൻ ഏറ്റെടുക്കണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം ഇനിയും വൈകരുതെന്ന് ജസ്റ്റിസ്‌ വി.ജി. അരുൺ വ്യക്തമാക്കി.

കേസുകൾ സി.ബി.ഐ.ക്ക്‌ വിടണമെന്നും കോടതിയുടെ മേൽനോട്ടംവേണമെന്നും ആവശ്യപ്പെട്ട്‌ പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണിത്‌. ഏതെങ്കിലും ഘട്ടത്തിൽ ആവശ്യംവന്നാൽ ഹർജിക്കാരിക്ക്‌ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു. തുടരന്വേഷണത്തിന്‌ സി.ബി.ഐ.ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങളും കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകളും കൈമാറണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

കേസന്വേഷണം ഏറ്റെടുക്കുന്നതിന്റെ സാധ്യത അറിയിക്കാൻ സി.ബി.ഐ.യോട്‌ കോടതി ആവശ്യപ്പെട്ടു. ഇതുൾപ്പെടെയുള്ള നടപടിക്രമം പൂർത്തിയാക്കാൻ സമയമെടുക്കുമെന്നും അന്വേഷണം ഏറ്റെടുക്കാൻ കോടതിക്ക്‌ സി.ബി.ഐ.യോട്‌ ഉത്തരവിടാമെന്നും വാദത്തിനിടെ കേന്ദ്രസർക്കാർ അറിയിച്ചു.

കേസ്‌ സി.ബി.ഐ.ക്കു വിടാനുള്ള അനുമതിരേഖ മാത്രമാണ്‌ സംസ്ഥാന സർക്കാർ നൽകിയിട്ടുള്ളതെന്നായിരുന്നു കഴിഞ്ഞദിവസം ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ സി.ബി.ഐ. കോടതിയെ അറിയിച്ചത്‌. 2018 നവംബർ 22-ലെ മാർഗരേഖപ്രകാരമുള്ള അനുബന്ധരേഖകൾകൂടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചുള്ള വിവരങ്ങളും കൈമാറിയതായി വെള്ളിയാഴ്ച സംസ്ഥാന സർക്കാർ അറിയിച്ചു.

content highlights: high court asks cbi to take over probe in walayar case