കൊച്ചി: രോഗം ബാധിച്ചതോ പരിക്കേറ്റതോ ആയ ആനകളെ ഉത്സവങ്ങൾക്കും മറ്റും ഉപയോഗിക്കരുതെന്ന 2015 ഓഗസ്റ്റിലെ സുപ്രീംകോടതി വിധി കർശനമായി നടപ്പാക്കണമെന്ന് കേരള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാതല സമിതികൾക്ക് ഹൈക്കോടതിയുടെ നിർദേശം.

ഇടുക്കി മൂലമറ്റം സ്വദേശിയും സംസ്ഥാന മൃഗക്ഷേമ ബോർഡ് അംഗവുമായ എം.എൻ. ജയചന്ദ്രൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

തൃശ്ശൂർ, പാലക്കാട്, എറണാകുളം ജില്ലാസമിതികൾ ഹർജിയിൽ എതിർകക്ഷികളാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയ വെറ്ററിനറി ഡോക്ടർക്കെതിരേ നടപടിയെടുക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ മേയ് രണ്ടിന് ഉത്തരവിട്ടിരുന്നു. ഡോക്ടർക്കെതിരായ നടപടി മരവിപ്പിച്ച് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ മേയ് നാലിനിറക്കിയ ഉത്തരവ് ചോദ്യംചെയ്താണ് ഹർജി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല.

ഹർജിയിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി അഭിഭാഷകനെ നിയമിച്ചു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസയുടെ സേവനവും കോടതി തേടിയിട്ടുണ്ട്.

തൃശ്ശൂർ പൂരത്തിനും മറ്റുമെതിരേ സംഘടിതനീക്കം നടക്കുന്നതായി ആശങ്കയുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു. ഹർജിയിലെ ആവശ്യങ്ങളെല്ലാം നടപ്പാക്കിയാൽ തൃശ്ശൂർ പൂരത്തിന് ആനയെ എഴുന്നള്ളിക്കാൻ പറ്റാതാവും.

തൃശ്ശൂർ പൂരം നടത്തിപ്പ് അലങ്കോലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ഹർജി രാഷ്ട്രീയപ്രേരിതമാണ്. അനാവശ്യ വ്യവഹാരങ്ങളിലൂടെ വിവാദം സൃഷ്ടിച്ച് ജനങ്ങളെ സർക്കാരിന് എതിരാക്കാൻ ശ്രമമുള്ളതായും സംശയമുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു. അസുഖമുള്ളതോ പരിക്കേറ്റതോ ദുർബലമോ ആയ ആനകളെ ഉത്സവങ്ങൾക്കുപയോഗിക്കുന്നവരുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ഒരാവശ്യം. ഇങ്ങനെയുള്ള ആനകൾ മൂലം ജീവനോ സ്വത്തിനോ നാശമുണ്ടായാൽ നഷ്ടപരിഹാരം നൽകാൻ ആന ഉടമയും ജില്ലാതല സമിതിയംഗങ്ങളും ബാധ്യസ്ഥരാണെന്ന് പ്രഖ്യാപിക്കണം. ആരോഗ്യമില്ലാത്ത ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന വെറ്ററിനറി ഡോക്ടർമാരെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ജനുവരി 23-ന് വെറ്ററിനറി ഡോക്ടർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയെന്ന് ഹർജിയിൽ പറയുന്നു. യാത്രയ്ക്ക് അനുമതി നൽകി ഫെബ്രുവരി ആറിന് മറ്റൊരു സർട്ടിഫിക്കറ്റും നൽകി. ഫെബ്രുവരി എട്ടിന് ആ ആന ഗുരുവായൂർ കോട്ടപ്പടിയിലെ ചടങ്ങിൽ രണ്ടുപേരുടെ ജീവനെടുത്തെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. വസ്തുത വിലയിരുത്താതെ ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകുന്നത് നിയന്ത്രിക്കാൻ കർശനനടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം.