തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ കേരളമാകെ കനത്തമഴ പെയ്യാമെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.

ന്യൂനമർദം ശക്തിപ്രാപിച്ചാൽ മുൻവർഷങ്ങളിൽ പ്രളയത്തിനു കാരണമായതുപോലുള്ള അതിതീവ്രമഴ പെയ്തേക്കാമെന്നാണ് ആശങ്ക. ഓഗസ്റ്റ് 13 വരെയുള്ള രണ്ടാഴ്ച കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് 2, 3, 4 തീയതികളിൽ കേരള, കർണാടക തീരത്തും ലക്ഷദ്വീപ്, മാലദ്വീപ് പ്രദേശത്തും കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകും. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് എന്നിവയൊഴികെയുള്ള ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞജാഗ്രത. ന്യൂനമർദം രൂപപ്പെടുന്നതോടെ മഴ കനക്കാനാണു സാധ്യത.

ന്യൂനമർദം ശക്തിപ്രാപിച്ച് ഒഡിഷ തീരത്തേക്ക്‌ നീങ്ങുമെന്നാണ് കരുതുന്നത്. ഓഗസ്റ്റ് രണ്ടാംവാരം വീണ്ടും ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദത്തിനുള്ള സാധ്യതകൂടി കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്. ഇത് ശക്തമായിരിക്കില്ലെന്നാണ് സൂചന. 31 മുതൽ ഓഗസ്റ്റ് നാല് വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതും വിലക്കിയിട്ടുണ്ട്.

content highlights: heavy rain likely to be from monday