തിരുവനന്തപുരം: മുന്നണികളുടെ കണക്കുകൂട്ടൽ തെറ്റിച്ച് കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് മാത്രം. എറണാകുളം, മഞ്ചേശ്വരം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ പോളിങ് കുറഞ്ഞു.

ഉപതിരഞ്ഞെടുപ്പുകളിൽ പോളിങ് കൂടുമെന്ന പതിവു തെറ്റിച്ചായിരുന്നു തുടക്കംമുതലേ പോളിങ്. എറണാകുളത്ത് രാവിലെമുതലുള്ള കനത്ത മഴയും വെള്ളക്കെട്ടും ഗതാഗത തടസ്സവുംമൂലം വോട്ടർമാർക്ക് ബൂത്തുകളിലെത്താനായില്ല. ഉച്ചയ്ക്ക് രണ്ടുമണിയായപ്പോൾ മറ്റുമണ്ഡലങ്ങളിൽ 45 ശതമാനം വോട്ട് ചെയ്തപ്പോഴും അവിടെ 33.79 ശതമാനം മാത്രമായിരുന്നു പോളിങ്.

അരൂരിൽ മന്ദഗതിയിൽ തുടങ്ങിയ പോളിങ് ഉച്ചയോടെ വേഗത്തിലായി. അഞ്ചു മണിയായപ്പോഴേക്കും എറണാകുളം ഒഴികെയുള്ള മണ്ഡലങ്ങളിൽ പോളിങ് ശതമാനം 60 കടന്നിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് അഞ്ചു മണ്ഡലങ്ങളിലും വോട്ടുചെയ്തവരുടെ എണ്ണം കാര്യമായി കുറഞ്ഞു. 2016-ലെ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വോട്ടിങ് ശതമാനത്തിൽ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല. വട്ടിയൂർക്കാവ് ഒഴികെയുള്ളയിടങ്ങളിൽ പോളിങ് ശതമാനം 70 കടക്കുകയും ചെയ്തിരുന്നു. അരൂരിൽ 80-നു മുകളിലുമായിരുന്നു. ഈ ഉയർന്ന പോളിങ് ശതമാനത്തിൽനിന്നാണ് ഇത്തവണ വോട്ടിങ് ശതമാനം കാര്യമായി കുറഞ്ഞത്.

വോട്ടുകണക്ക്

(ഉപതിരഞ്ഞെടുപ്പ്- 2019, ലോക്‌സഭാ തിരഞ്ഞെടുപ്പ്- 2019, നിയമസഭ തിരഞ്ഞെടുപ്പ്- 2016- ശതമാനത്തിൽ)

മഞ്ചേശ്വരം 74.81, 75.88 76.19

എറണാകുളം -57.67 73.29 71.60

അരൂർ 80.26 83.67 85.43

കോന്നി 69.99 74.24 73.19

വട്ടിയൂർക്കാവ് -62.59 69.34 69.83

(തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമകണക്ക് വരുമ്പോൾ വോട്ടിങ് നിലയിൽ മാറ്റമുണ്ടായേക്കാം)

content highlights: Heavy rain  disrupts voting in bye-elections