കോട്ടയം /ആലപ്പുഴ/കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ പത്തു ദിവസത്തിനകം കേന്ദ്രസംഘമെത്തുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ദുരിതാശ്വാസത്തിനായി ആദ്യഘട്ടത്തിൽ 80 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 831.1 കോടി രൂപയാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്.

നീതി ആയോഗ്, ആരോഗ്യ മന്ത്രാലയം, കൃഷിവകുപ്പ്, ഉപരിതല ഗതാഗത മന്ത്രാലയം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാകും കേന്ദ്രസംഘത്തിലുണ്ടാകുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും സംഘം ദുരിതമേഖലകൾ സന്ദർശിക്കുക.

ദുരിതം വിലയിരുത്തിയശേഷം മാനദണ്ഡങ്ങൾക്കനുസരിച്ച് കൂടുതൽ തുക അനുവദിക്കും. വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കുമിത്. മഴക്കെടുതി നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കും. മഴക്കെടുതിപോലുള്ള ദുരന്തങ്ങൾ നേരിടാൻ ദീർഘകാല പദ്ധതികൾ വേണമെന്നും മന്ത്രി പറഞ്ഞു.

‘‘പ്രധാനമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് കേരളത്തിലെത്തിയത്. ഇവിടെ എത്തിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്. വലിയ വെല്ലുവിളിയാണ് കേരളം നേരിടുന്നത്. നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഭക്ഷണവും, മരുന്നും താമസ സൗകര്യവുമെല്ലാം കൃത്യമായി ലഭ്യമാക്കുന്നുണ്ട്. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തൃപ്തികരമാണ്’’-അദ്ദേഹം പറഞ്ഞു.

വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കേന്ദ്രമന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചു. സംസ്ഥാനത്തിനുണ്ടായ നഷ്ടം സംബന്ധിച്ച് കേന്ദ്രസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു.

ദുരന്തബാധിത മേഖലകളിൽ വിന്യസിച്ചിട്ടുള്ള ദേശീയ ദുരന്ത പ്രതികരണസേന (എൻ.ഡി.ആർ.എഫ്.)യുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യത്തിൽ നടപടി സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞു. 47 പേരടങ്ങുന്ന നാല് സംഘങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്.

കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനവും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ സ്ഥലങ്ങളിൽ റിജിജുവിനൊപ്പം സന്ദർശനം നടത്തി.

ഉടനടി കേന്ദ്രസംഘമെത്തുന്നത് ഇതാദ്യം -മന്ത്രി സുനിൽകുമാർ

കേരളത്തിൽ ഒരു ദുരന്തമുണ്ടാകുമ്പോൾതന്നെ കേന്ദ്രസംഘമെത്തുന്നത് ഇതാദ്യമാണെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. ദുരന്തത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച്്് നേരിടുമെന്ന് കേന്ദ്രമന്ത്രിമാർ ഉറപ്പു നൽകിയിട്ടുണ്ട്്. സപീമകാലത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് ഇത്തവണത്തേത്.

സംസ്ഥാനത്ത് പലഭാഗത്തും വൻതോതിൽ നാശനഷ്ടമുണ്ടായി. 400 വീടുകൾ പൂർണമായി നശിച്ചു. 10,400 വീടുകൾക്ക്് ഭാഗികമായി നാശം സംഭവിച്ചു. 113 പേർ മരിച്ചു. കേന്ദ്രസർക്കാർ ഉദാരമായി സഹായിച്ചാലേ കേരളത്തിന് നല്ലരീതിയിൽ കാര്യങ്ങൾ മുന്നോട്ടു കെണ്ടുപോകാനാകൂവെന്നും മന്ത്രി പറഞ്ഞു.