തിരുവനന്തപുരം: ചൊവ്വാഴ്ച വൈകുന്നേരം മുതൽ ശക്തമായി പെയ്ത മഴയിൽ തിരുവനന്തപുരം നഗരത്തിൽ വലിയ വെള്ളക്കെട്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തമ്പാനൂർ, വഞ്ചിയൂർ, ഊറ്റുകുഴി, ജഗതി തുടങ്ങിയ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ വരെ വെള്ളം കയറി. വൈകീട്ട് അഞ്ചു മണിയോടെ ആരംഭിച്ച മഴ രാത്രി വൈകിയും തുടർന്നു. മഴയെ തുടർന്ന് വെള്ളക്കെട്ടായതോടെ പലരും വീട്ടിൽ പോകാനാവാതെ നഗരത്തിൽ കുടുങ്ങി.

തമ്പാനൂരിൽ പോലീസ് ജീപ്പ് വെള്ളക്കെട്ടിൽ മുങ്ങി. പോലീസുകാർ ജീപ്പ് തള്ളിയാണ് വെള്ളക്കെട്ടിൽ നിന്നും നീക്കിയത്. ഫുഡ് ഡെലിവറി നടത്തുന്ന നിരവധി യുവാക്കളുടെ വാഹനങ്ങളും വെള്ളക്കെട്ടിൽ പെട്ടു. വെള്ളക്കെട്ടിൽ അകപ്പെട്ട വാഹനങ്ങൾ അഗ്നിരക്ഷാസേനയെത്തിയാണ് മാറ്റിയത്.

മുറിഞ്ഞപാലം തോട്, ആമയിഴഞ്ചാൻ തോട് എന്നിവ നിറഞ്ഞ് സമീപത്തെ വീടുകളിലേക്കും റോഡിലേക്കും വെള്ളം കയറി. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നൽ ഉണ്ടായിരുന്നെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.

content highlights: heavy rain and water logging in thiruvananthapuram