കണ്ണൂർ: പേമാരിയിലും വെള്ളപ്പൊക്കത്തിലും കേരളത്തിൽ അഞ്ചുദിവസം നിർത്തിയിട്ടത് 132 തീവണ്ടികൾ. 61 എണ്ണം ഭാഗികമായി റദ്ദാക്കി. 10 വണ്ടികൾ തിരിച്ചുവിട്ടു. റേക്കില്ലാത്തതിനാൽ 10 പാസഞ്ചറടക്കം 12 വണ്ടികൾ റദ്ദാക്കേണ്ടിവന്നു. ഇതിനിടെ നാലു സ്പെഷ്യൽ പാസഞ്ചർ വണ്ടികൾ ഓടിച്ചു. കൊച്ചുവേളിയിൽനിന്ന് യശ്വന്ത്പുരയിലേക്ക് പാലക്കാട് വഴി പ്രത്യേക വണ്ടിയും ചൊവ്വാഴ്ച ഓടിച്ചു. കഴിഞ്ഞ വെള്ളപ്പൊക്കത്തിലുണ്ടായതുപോലെ ഇത്തവണ ഭൗതീകനാശനഷ്ടമില്ല. ഇത്തവണ വണ്ടികളുടെ വരുമാനത്തിലാണ് നഷ്ടമുണ്ടായത്.

ബുധനാഴ്ച വൈകീട്ട് അതിശക്ത കാറ്റിൽ മരംവീഴലിൽ തുടങ്ങിയതാണ് വണ്ടി റദ്ദാക്കൽ. രണ്ടുദിവസങ്ങളിലായി 23-ഓളം മരം വീണു. ശക്തമായ കാറ്റ് തടസ്സമായപ്പോൾ വേഗം 40 കിലോമീറ്ററാക്കി ചുരുക്കി. പിന്നീട് പാലത്തിൽ വെള്ളം കയറിയപ്പോൾ പൂർണമായും സർവീസ് നിർത്തി.

തിരുവനന്തപുരം-ഷൊർണൂർ സെക്‌ഷനിൽ ഗതാഗതം തുടങ്ങി. ഫറോക്ക് പാലം സുരക്ഷിതമല്ലാത്തതിനാൽ ഈ പാത അടയ്ക്കേണ്ടിവന്നു. അഞ്ചുദിവസത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് മംഗളൂരു-തിരുവനന്തപുരം വണ്ടികൾ ഓടിത്തുടങ്ങിയത്.

റീഫണ്ടിന് കാത്ത് ആയിരങ്ങൾ

റെയിൽവേയ്ക്കു മുന്നിലുള്ളത് ഇനി യാത്രക്കാർക്കുള്ള പണം തിരിച്ചുനൽകുകയെന്നതാണ്. ഓടാത്ത ദിവസങ്ങളിൽ റിസർവേഷൻ യാത്രക്കാർക്ക് മുഴുവൻ നിരക്കും നൽകണം. സ്റ്റേഷൻ ടിക്കറ്റിനും ഓൺലൈൻ ടിക്കറ്റിനും ടി.ഡി.ആർ. അപേക്ഷിക്കാൻ 15-വരെ സമയമുണ്ട്. ഐ.ആർ.സി.ടി.സി. വഴി എടുത്ത ചില ഓൺലൈൻ ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ റീഫണ്ട് ഓട്ടോമാറ്റിക് (സ്വയം) ആയി വരുമെന്ന് കാണിക്കുന്നുണ്ട്.

Content Highlights: Heavy Rain 2019 Train services Cancelled for five days