തിരുവനന്തപുരം: രണ്ടുദിവസമായി തുടരുന്ന കനത്തമഴയ്ക്ക് വ്യാഴാഴ്ചയോടെ ശക്തികുറയുമെന്നാണു കരുതുന്നത്. ഓഗസ്റ്റ് ആദ്യവാരത്തിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള വിദൂരസാധ്യതയുണ്ട്. ഓഗസ്റ്റ് രണ്ടുമുതൽ 20 വരെ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് സൂചനനൽകുന്നു.

കഴിഞ്ഞ രണ്ടുവർഷവും പ്രളയമുണ്ടായത് ഓഗസ്റ്റ് എട്ടുമുതലുള്ള ദിവസങ്ങളിൽ ലഭിച്ച അതിതീവ്രമഴ കാരണമാണ്. ജൂൺ, ജൂലായിൽ മഴകുറഞ്ഞ് ഓഗസ്റ്റിൽ കുറച്ചുദിവസം കനത്ത മഴ എന്ന രീതിയാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലുമുണ്ടായത്. ഇത്തവണയും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് ജൂലായ് 31 മുതൽ ഓഗസ്റ്റ് ആറുവരെയുള്ള ആഴ്ചയുടെ അവസാനത്തോടെ ന്യൂനമർദം രൂപപ്പെടാനുള്ള വിദൂര സാധ്യതയാണ് ഒരാഴ്ചമുമ്പ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്. മുൻകൂട്ടിയുള്ള പ്രവചനം എത്രത്തോളം യാഥാർഥ്യമാകുമെന്ന് ഇപ്പോൾ പറയാനാവില്ല. എന്നാൽ, കേരളത്തിൽ കൂടുതൽ മഴപെയ്യാൻ അനുകൂലമായ അന്തരീക്ഷമാറ്റം അക്കാലത്ത് ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഈ മാറ്റം അതിതീവ്രമഴയ്ക്ക് കാരണമാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും പ്രളയസാധ്യത.

ആഗോളതാപനത്തിന്റെ ഫലമായി മൺസൂൺ പ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങൾ കാലവർഷത്തെ സംബന്ധിച്ച കൃത്യമായ പ്രവചനങ്ങൾപോലും അസാധ്യമാക്കുന്നതായി സെന്റർ ഫോർ എർത്ത് റിസർച്ച് ആൻഡ് എൻവയോൺമെന്റ് മാനേജ്‌മെന്റിലെ കാലാവസ്ഥാ വിദഗ്ധനായ ഡോ. വേണു ജി. നായർ പറഞ്ഞു. നാൽപ്പത്തിയെട്ട് മണിക്കൂറിലേക്കു നടത്തുന്ന പ്രവചനങ്ങൾപോലും പലപ്പോഴും തെറ്റിപ്പോകുന്ന സാഹചര്യമാണിപ്പോൾ.

പ്രളയമഴ പെയ്ത ദിനങ്ങൾ

2018 ഓഗസ്റ്റ് 8-9, 14-16

2019 ഓഗസ്റ്റ് 8-9

അതിതീവ്ര മഴ പ്രവചിച്ചിട്ടില്ല

കൂടുതൽ മഴപെയ്യാൻ സാധ്യതയുണ്ട്. അതിതീവ്രമഴ ഇതുവരെ പ്രവചിച്ചിട്ടില്ല. എന്നാൽ, അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

-കെ. സന്തോഷ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ

ക്യാമ്പുകൾ തുടങ്ങാൻ നിർദേശം

പ്രളയസാധ്യത നേരിടാൻ ദുരന്തനിവാരണ അതോറിറ്റി ഒരുക്കം തുടങ്ങി. മഴക്കെടുതിക്ക് സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക ജില്ലാ കളക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ കൂടി പാലിച്ച് ക്യാമ്പുകൾ തയ്യാറാക്കാനാണ്‌ നിർദേശം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കും.