തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശരാശരിയിൽനിന്ന് മൂന്ന് ഡിഗ്രിവരെ വർധിച്ചേക്കാമെന്നതിനാൽ ചൊവ്വാഴ്ചവരെ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളിൽ ചൂട് ശരാശരി ഉയർന്ന താപനിലയിൽനിന്ന് രണ്ടുമുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടാമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിർദേശിച്ചു.

ഞായറാഴ്ച സംസ്ഥാനത്ത് രണ്ടുപേർക്ക് സൂര്യാഘാതവും 24 പേർക്ക് സൂര്യതാപവുമേറ്റു. എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരോരുത്തർക്കാണ് സൂര്യാഘാതമേറ്റത്. ആലപ്പുഴയിൽ ഒന്പതുപേർക്കും പാലക്കാട്ടും കോട്ടയത്തും മൂന്നുപേർക്ക് വീതവും എറണാകുളത്ത് എട്ടുപേർക്കും കാസർകോട്ട് ഒരാൾക്കും സൂര്യതാപമേറ്റു. സംസ്ഥാനത്ത് വിവിധയിടങ്ങിലായി 20 പേർക്ക് ചൂടുമൂലം ശരീരത്തിൽ പാടുകളുണ്ടായി. ഇവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

ഞായറാഴ്ച കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ടാണ്- 39.3 ഡിഗ്രി സെൽഷ്യസ്. ആലപ്പുഴയിൽ ചൂട് ശരാശരി താപനിലയിൽനിന്ന് ഉയർന്ന് 37 ഡിഗ്രിയായി. പുനലൂരിൽ 38 ഡിഗ്രിയും കോട്ടത്ത് 36.8 ഡിഗ്രിയും തിരുവനന്തപുരത്ത് 36 ഡിഗ്രിയും രേഖപ്പെടുത്തി. ഞായറാഴ്ച എല്ലായിടത്തും ചൂട് 35 ഡിഗ്രിക്ക് മുകളിലായിരുന്നു.

content highlights: Heatwave alert extended till Tuesday kerala