തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചു. അത്യധികം കടുത്ത ചൂടുള്ള ഈ അവസ്ഥ വെള്ളിയാഴ്ച കേരളത്തില്‍ ഉണ്ടായതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് സ്ഥിരീകരിച്ചു. പാലക്കാട്ടും കോഴിക്കോട്ടും ദിവസങ്ങളായുള്ള കൊടുംചൂട് കണക്കിലെടുത്താണ് ഈ പ്രഖ്യാപനം. മെയ് മൂന്നിന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്.

പാലക്കാട്ട് നാലുദിവസമായി 41 ഡിഗ്രിയിലധികം ചൂടുണ്ട്. വെള്ളിയാഴ്ച ഇവിടെ 41.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. രണ്ട് കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി രണ്ടുദിവസം 40 ഡിഗ്രിയിലധികം ചൂടുണ്ടാവുകയും ഇത് ശരാശരിയിലും നാലര ഡിഗ്രി കൂടുതലായിരിക്കുകയും ചെയ്താലാണ് ഉഷ്ണതരംഗം (ഹീറ്റ് വേവ്) പ്രഖ്യാപിക്കുന്നത്. സൂര്യാഘാതമേല്‍ക്കാനും അതുവഴി ജീവഹാനി വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഉഷ്ണതരംഗം.

എന്നാല്‍, തീരദേശ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി 37 ഡിഗ്രിക്ക് മുകളില്‍ ചൂടുണ്ടായാലും ഈ അവസ്ഥയായി പരിഗണിക്കും. തീരദേശ നഗരമായ കോഴിക്കോട്ട് ദിവസങ്ങളായി താപനില 37 ഡിഗ്രിക്ക് മുകളിലാണ്. ഇത് ശരാശരിയിലും നാലര മുതല്‍ അഞ്ച് ഡിഗ്രി വരെ കൂടുതലാണ്. ഇതും കൂടി പരിഗണിച്ചാണ് കേരളത്തില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച 38.5 ഡിഗ്രിയാണ് കോഴിക്കോട്ടും കണ്ണൂരും രേഖപ്പെടുത്തിയത്.

നേരത്തെ 27, 28 തീയതികളില്‍ ഉഷ്ണതരംഗത്തിന് സാധ്യതാ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതിനുള്ള സാഹചര്യങ്ങള്‍ ഒത്തുവന്നില്ല. വെള്ളിയാഴ്ചയിലെ പ്രഖ്യാപനം ശനിയാഴ്ച രാവിലെ വരെ ബാധകമായിരിക്കും. എന്നാല്‍, പാലക്കാട് ഒഴികെയുള്ള സ്ഥലങ്ങളില്‍ താപനിലയില്‍ കഴിഞ്ഞ ദിവസങ്ങളേക്കാള്‍ നേരിയ കുറവുണ്ട്. അതിനാല്‍ ശനിയാഴ്ചയോടെ താപനില ഇനിയും കുറയാനും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സാധ്യത കാണുന്നുണ്ട്. മെയ് രണ്ടാം തീയതിയോടെ ചില സ്ഥലങ്ങളില്‍ മഴ പെയ്തുതുടങ്ങാനും സാധ്യതയുണ്ട്.