* ഇത് കേരളത്തിലാദ്യം
* സൂര്യാഘാതം ഒഴിവാക്കാന്‍ ജാഗ്രത വേണം
* പാലക്കാട്ട് 41 ഡിഗ്രിയിലധികം ചൂട് തുടരുന്നു


തിരുവനന്തപുരം: കേരളത്തിലും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ്. വടക്കേയിന്ത്യയിലെ കൊടുംചൂടിന് സമാനമായ ഈ അവസ്ഥ, ഇവിടെയും വരാമെന്ന മുന്നറിയിപ്പ് ഇതാദ്യമായാണ് കേരളത്തിന് കിട്ടുന്നത്. ഈ സാഹചര്യത്തില്‍, രാവിലെ 11 മുതല്‍ മൂന്ന് വരെ തൊഴിലാളികളെ തുറസ്സായ സ്ഥലങ്ങളില്‍ പണിയെടുപ്പിക്കരുതെന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ പൊതുജനം ജാഗ്രതപാലിക്കണമെന്നും അതോറിറ്റി അഭ്യര്‍ത്ഥിച്ചു. വ്യാഴാഴ്ച വരെയാണ് സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന്(ഹീറ്റ് വേവ്) സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് വിലയിരുത്തിയത്.

എന്താണ് ഉഷ്ണതരംഗം

തുടര്‍ച്ചയായി 40 ഡിഗ്രിയോ അതില്‍ക്കൂടുതലോ ചൂട് തുടര്‍ച്ചയായി രണ്ട് ദിവസം അനുഭവപ്പെടുന്നതാണ് ഉഷ്ണതരംഗം. താപനില ശരാശരയില്‍നിന്ന് നാലര ഡിഗ്രിയെങ്കിലും കൂടുതലായിരിക്കണം. ഒരു സംസ്ഥാനത്ത് രണ്ട് സ്ഥലത്ത് ഒരേസമയം ഈ അവസ്ഥയുണ്ടായാല്‍ ആ സംസ്ഥാനത്ത് ഉഷ്ണതരംഗമുള്ളതായി കാലാവസ്ഥാവകുപ്പ് പ്രഖ്യാപിക്കും. പാലക്കാട്ടെ താപനില കഴിഞ്ഞദിവസം 41.9 ഡിഗ്രിയായി കൂടിയതിന്റെ പശ്ചാത്തലത്തിലാണ് ഉഷ്ണതരംഗത്തിന് സാധ്യത പ്രവചിച്ചത്. എന്നാല്‍, മറ്റെങ്ങും ഇത്രയധികം ചൂട് ബുധനാഴ്ച രേഖപ്പെടുത്തിയിട്ടില്ല. പാലക്കാട്ട് ബുധനാഴ്ചയും 41.6 ഡിഗ്രിയായിരുന്നു ചൂട്. വ്യാഴാഴ്ചയും ഇവിടെ 41 ഡിഗ്രി പ്രതീക്ഷിക്കുന്നുണ്ട്. ബുധനാഴ്ച കണ്ണൂരില്‍ 39.2ഉം കോഴിക്കോട്ട് 38ഉം ഡിഗ്രിയായിരുന്നു ചൂട്. കടുത്ത ചൂടേറ്റ് മോഹാലസ്യവും ചിലപ്പോള്‍ ജീവഹാനിക്കുതന്നെ കാരണമാവുന്ന തളര്‍ച്ചയും ഉണ്ടാകുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. കേരളത്തിനുപുറമെ, മധ്യപ്രദേശിന്റെ കിഴക്കന്‍ മേഖല, വിദര്‍ഭ, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാള്‍, കര്‍ണാടകത്തിന്റെ തെക്കന്‍ മേഖല എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗത്തിന് മുന്നറിയിപ്പുള്ളത്.

ഉഷ്ണതരംഗം ബാധിക്കുന്നതെങ്ങനെ

* ശരീരത്തില്‍ തടിപ്പും തളര്‍ച്ചയും
* പേശീവലിവ്, തലവേദന, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം
* അബോധാവസ്ഥയില്‍ ആയിപ്പോകാവുന്ന മാരകമായ സൂര്യാഘാതം

ജാഗ്രത ഇങ്ങനെ
 
11 മുതല്‍ മൂന്ന് വരെ വെയില്‍ കൊള്ളാതിരിക്കുക
നിര്‍ജലീകരണത്തിനുള്ള സാധ്യതകള്‍ ഒഴിവാക്കുക
പുറത്തിറങ്ങുമ്പോള്‍ കുടിവെള്ളം കൊണ്ടുനടക്കുക
നിര്‍ജലീകരണത്തിന് വഴിവെക്കുന്ന മദ്യപാനവും ചായ, കാപ്പി എന്നിവയുടെ അധിക ഉപയോഗവും ഒഴിവാക്കുക
കുട്ടികള്‍ പുറത്തിറങ്ങി കളിക്കുന്നത് ഒഴിവാക്കുക
വളര്‍ത്തുമൃഗങ്ങള്‍ക്ക് തണലില്‍ അഭയം നല്‍കുക