കൊച്ചി: ‘അച്ഛനും അമ്മയും കോവിഡ് സ്ഥിരീകരിച്ച് ക്വാറന്റീനിൽ. രണ്ടുമാസം പ്രായമായ കുഞ്ഞിന് അടിയന്തര ചികിത്സവേണം. ഒരു മാർഗവുമില്ലാതെ വന്നപ്പോഴാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ സന്ദേശമയച്ചത്. അന്നുതന്നെ കുഞ്ഞിന് ചികിത്സനൽകാൻ മന്ത്രി നടപടി സ്വീകരിച്ചു’ -കണ്ണൂർ പുതിയതെരു സ്വദേശിയായ ഷാനവാസ്, മകൻ ഹൈസിൻ ഷാന്‌ കിട്ടിയ പരിഗണനയെക്കുറിച്ച്് പറയുന്നു. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ് ഹൈസിൻ.

ഹൃദയത്തിന് ജന്മനാ തകരാറുണ്ട് കുഞ്ഞിന്. പാൽ കുടിക്കാതായതോടെയാണ്‌ ശ്രദ്ധിച്ചത്. ഹൃദയത്തിലേക്ക് രക്തം പമ്പുചെയ്യുന്ന ധമനികൾക്ക് തകരാർ സംഭവിച്ച് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെയാണ് ഷാനവാസും ഭാര്യയും കോവിഡ് ബാധിതരാകുന്നത്. മകന്റെ ആരോഗ്യത്തിൽ പ്രതീക്ഷയില്ലെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നാണ് ഫെയ്‌സ്ബുക്കിൽ സന്ദേശമയച്ചത്. അന്നുതന്നെ മന്ത്രി അവന് ചികിത്സയ്ക്കുള്ള സജ്ജീകരണങ്ങൾ നടത്തി അമൃത ആശുപത്രിയിലേക്കു മാറ്റി. ശസ്ത്രക്രിയയും നടന്നു. അടുത്തദിവസം മന്ത്രി നേരിട്ടുവിളിച്ച് സംസാരിച്ചെന്നും ഷാനവാസ് പറഞ്ഞു.

ഷാനവാസിന്റെ സഹോദരങ്ങൾ കുഞ്ഞിനോടൊപ്പമുണ്ട്. ഫോണിലൂടെയാണ് അവന്റെ വിവരങ്ങൾ മാതാപിതാക്കളറിയുന്നത്. ആരോഗ്യസ്ഥിതിയിൽ ചെറിയ പുരോഗതിയുണ്ടെങ്കിലും രണ്ടുദിവസത്തെ നിരീക്ഷണത്തിനുശേഷം മാത്രമേ ഗുരുതരാവസ്ഥ പിന്നിട്ടതായി പറയാൻ കഴിയൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

content highlights: health minister veena george avails treatment for two month old baby,whose parents are in quarantine